Press Club Vartha

സർക്കാർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കളങ്കിതരെ ചുമക്കേണ്ട ആവശ്യം സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ജീവനക്കാർക്കുള്ള ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച വേളയിലാണ് അദ്ദേഹം ജീവനക്കാർക്ക് മുന്നറിയിപ്പു നൽകിയത്. ഭൂരിഭാഗം ജീവനക്കാരും സത്യസന്ധമായി പണിയെടുക്കുന്നവരാണെന്നും എന്നാൽ വികസന ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നും ലാഭം കൊയ്യാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള കളങ്കിതരെ ചുമക്കേണ്ട ബാധ്യത സർക്കാരിനില്ല.

പുതിയ കാലത്ത് ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും അന്വേഷിക്കാനുമുള്ള സംവിധാനങ്ങളുണ്ട്. തെറ്റായ നീക്കങ്ങളുണ്ടായാൽ വേണ്ട നടപടി സ്വീകരിക്കുന്നതിന് പ്രയാസമെന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അത് എല്ലാവരും ഓർക്കണമെന്നും ഇത്തരം ആളുകളെ കുറിച്ചുള്ള വിവരശേഖരണവും അന്വേഷണങ്ങളും സർക്കാർ നടത്തുന്നണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. തന്‍റെ ഓഫീസിനും സംസ്ഥാനത്തിനും കളങ്കമാവുന്നവരെ ചുമക്കേണ്ട ആവശ്യം സർക്കാരിനില്ല. പൊതു ജനങ്ങളുടെ പണം തട്ടിയെടുത്തോ കൈക്കൂലി വാങ്ങിയോ സുഖമായി ജീവിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും അത്തരക്കാരോട് ഒരു ദാക്ഷിണ്യവും സർക്കാരിനുണ്ടാവില്ലെന്നും അവരെ വെറും പുഴുക്കുത്തുകളായി കണക്കാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share This Post
Exit mobile version