തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി നടന്ന സമ്മോഹന്‍ ദേശീയ ഭിന്നശേഷി കലാമേളയിലെ വേദികളിലെല്ലാം നിറഞ്ഞാടിയ രണ്ട് മനുഷ്യരുണ്ട്. ഒഡിഷയിലെ ജജ്പൂര്‍ ജില്ലയില്‍ നിന്നെത്തിയ സാഗരിക സാഹുവും സഹോദരന്‍ സത്യബ്രത് സാഹുവും. ഒഡിയയും ഹിന്ദിയും കലര്‍ന്ന ഭാഷയില്‍ അവര്‍ പറഞ്ഞതെല്ലാം ദാരിദ്ര്യം നിറഞ്ഞ ഗ്രാമത്തിന്റെ ചുറ്റുപാടില്‍ ഇന്ത്യയുടെ രാഷ്ട്രപതി ഭവന്‍ വരെ എത്തിയ നൃത്തമികവിന്റെ ജൈത്രയാത്രയെക്കുറിച്ചും അതില്‍ കൂടെ നിന്നവരെക്കുറിച്ചുമാണ്.
കുട്ടിക്കാലം മുതലുള്ള സ്വപ്നങ്ങളെയാണ് ഇരുവരും ഊര്‍ജത്തിന്റെ കൊടുമുടിയേറുന്ന ചുവടുകളിലൂടെ കീഴടക്കുന്നത്. ടെലിവിഷനില്‍ നിന്ന് കണ്ടുപഠിച്ചാണ് നൃത്തലോകത്തേക്കുള്ള ഇവരുടെ അരങ്ങേറ്റം.ഒഡിഷയിലെ സ്വാമി വിവേകാനന്ദ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റിറ്റേഷന്‍ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ചിലെ ആര്‍ട്ട് ഡയറക്ടര്‍ വഴിയാണ് ഇവര്‍ സമ്മോഹന്‍ കലാമേളയിലെ വേദിയില്‍ എത്തുന്നത്.രാധാ-കൃഷ്ണ വേഷത്തില്‍ അതിമനോഹരമായി ഭാവതാളങ്ങള്‍ സംയോജിപ്പിച്ചുള്ള ഈ സഹോദരങ്ങളുടെ പ്രകടനം കാണികളുടെയെല്ലാം മനസ്സില്‍ ഇടം നേടി. തങ്ങളുടെ കഴിവില്‍ വിശ്വസിക്കുന്ന മാതാപിതാക്കളും നാട്ടുകാരും അടങ്ങുന്ന വലിയൊരു കൂട്ടം ആള്‍ക്കാരോടുള്ള നന്ദികൂടി രേഖപ്പെടുത്തിയാണ് ഇവര്‍ സംസാരം അവസാനിപ്പിച്ചത്.