Press Club Vartha

രാമനാഥന് ചെണ്ടയും വശമുണ്ട്

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ രാമനാഥന്‍ ചെണ്ടയില്‍ തീര്‍ക്കുന്ന താളബോധം സദസ്സിനെയാകെ പുളകം കൊള്ളിച്ചു. ചെറുപ്പം മുതല്‍ ധാരാളം ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ രാമനാഥനുണ്ടായിരുന്നെങ്കിലും വിധിയെ പഴിച്ചിരിക്കാന്‍ ഡോക്ടര്‍മാരായ അമ്മയും അച്ഛനും തയ്യാറായിരുന്നില്ല. മൂന്നര വയസ്സുമുതലാണ് രാമനാഥന്‍ നടക്കാന്‍ പോലും തുടങ്ങുന്നത്. പക്ഷെ ചെറുപ്പം മുതലേ രാമനാഥന്റെ താളബോധം തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അഞ്ച് വയസ്സില്‍ തന്നെ ദക്ഷിണ നല്‍കിച്ച് ചെണ്ട അഭ്യസിപ്പിച്ചു.

ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷത്തെ അനുഭവം ഊര്‍ജ്ജമാക്കിയാണ് രാമനാഥന്‍ വേദികളെ നേരിടുന്നത്. തുടക്കത്തില്‍ പല അധ്യാപകരെയും സമീപിച്ചെങ്കിലും രാമനാഥന്റെ അവസ്ഥ കാരണം ഭൂരിഭാഗം പേരും പഠിപ്പിക്കാന്‍ വിസമ്മതിച്ചിരുന്നു. പിന്നീട് അതേ നാട്ടുകാരന്‍ തന്നെയായ മണിയാശാനാണ് രാമനാഥനെ പഠിപ്പിക്കാന്‍ തയ്യാറാവുന്നത്. പലപ്പോഴും ശ്രദ്ധ മാറിയും, പറയുന്നതിനോട് പ്രതികരിക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടായെങ്കിലും വളരെ ലാളിത്യത്തോടെ ഇടപെട്ടും തമാശ പറഞ്ഞുമെല്ലാമാണ് ആശാന്‍ രാമനാഥനെ പഠിപ്പിച്ചത്.

അദ്ദേഹത്തിന്റെ കീഴില്‍ അരങ്ങേറ്റം കഴിഞ്ഞ് മറ്റ് പരിപാടികളില്‍ ഭാഗമാവുകയെല്ലാം ചെയ്ത ശേഷമാണ് കലാമണ്ഡലം പുരുഷോത്തമന്റെ കീഴില്‍ അഭ്യസിക്കുന്നത്. ചെണ്ടയോടൊപ്പം മദ്ദളവും പഠിക്കുന്നുണ്ടെങ്കിലും ഒരുപാട് നേരം ഇരിക്കുന്നതിനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും അവതരിപ്പിക്കാന്‍ കഴിയാറില്ല. ശാസ്ത്രീയമായി പഠിച്ചില്ലെങ്കിലും ഇടയ്ക്കയും രാമനാഥന്‍ കണ്ടുപഠിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ പരീക്ഷയായിട്ടും ഇന്ത്യയിലാദ്യമായി ഡിഫറെന്റ് ആര്‍ട് സെന്ററിന്റെ കീഴില്‍ നടക്കുന്ന സമ്മോഹനയുടെ പരിപാടിയില്‍ ഏറെ ആവേശത്തോടെയാണ് രാമനാഥനെത്തിയത്. അടുത്തതായി ഡ്രംസ് കൂടി പഠിച്ചെടുക്കണം എന്നാണ് അവന്റെ ആഗ്രഹം. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഉപകാരണങ്ങളുമായി രാമനാഥന്റെ വരവിനെ കാത്തിരിക്കുകയാണ് സദസ്സ്.

Share This Post
Exit mobile version