Press Club Vartha

ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി സിറ്റി പോലീസ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് തിരുവനന്തപുരം സിറ്റി പോലീസ് ഒരുക്കിരിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് വിഭാഗം ഒരുക്കിയിരിക്കുന്നത്.

ഉത്സവത്തോടനുബന്ധിച്ച് സുരക്ഷയൊരുക്കാനായി നഗരത്തിൽ 750 പൊലീസുകാരെയാണ് വിന്യസിപ്പിച്ചത്. പൊങ്കാല ദിവസം 2890 പേരെ കൂടി നിയോഗിക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കാനും ക്ഷേത്ര പരിസരത്തും പാടശേരി, കിഴക്കേക്കോട്ട ഭാഗങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജീകരിച്ചു.

ഭക്തജനത്തിരക്ക് നിയന്ത്രിക്കുന്നതിനും, സ്ത്രീകൾക്കുള്ള സുരക്ഷ ഉറപ്പു വരുത്തുന്നതിനും, ആറ്റുകാൽ ക്ഷേത്രവും പരിസരവും 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രധാന കണ്ട്രോൾ റൂമും, കൂടാതെ പാടശ്ശേരി കിഴക്കേകോട്ട ഭാഗങ്ങളിൽ രണ്ടു അഡീഷണൽ കണ്ട്രോൾ റൂമുകളും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ 24 മണിക്കുറും പ്രവർത്തിക്കുന്ന സി സി ടി വി ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. സ്ത്രീകൾക്കെതിരെ ഉണ്ടായേക്കാവുന്ന പൂവാല ശല്യം, മാല പൊട്ടിക്കൽ, പോക്കറ്റടി മുതലായ കുറ്റകൃത്യങ്ങൾ തടയുന്നതിനും, നടപടി സ്വീകരിക്കുന്നതിനുമായി പ്രത്യേകമായി മഫ്തിയിലുള്ള വനിതാ പോലീസിന്റെയും, ഷാഡോ പോലീസിന്റെയും സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്.

കൂടാതെ പൊങ്കാലയോട് അനുബന്ധിച്ചും മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചും ഗാനമേളകൾക്കും മറ്റു പരിപാടിക്കും മൈക്ക് പ്രവർത്തിക്കുന്നതിന് പോലീസിന്റെ അനുമതി മുൻകൂട്ടി വാങ്ങേണ്ടതാണ്.അതോടൊപ്പം ശബ്ദം 85 ഡെസിബലിൽ കൂടാൻ പാടുള്ളതല്ല. രാത്രി 10 മണി വരെ മാത്രമേ മൈക്ക് പ്രവർത്തിപ്പിക്കാവൂ. ആശുപത്രികളുടെ സമീപവും മറ്റ് നിയന്ത്രിത മേഖലകളിലും മൈക്ക് പ്രവർത്തിപ്പിക്കാൻ പാടില്ല. രോഗികൾക്കും മുതിർന്ന പൗരൻമാർക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത വിധമായിരിക്കണം മൈക്ക് പ്രവർത്തിപ്പിക്കേണ്ടത്.

പൊങ്കാലയോടനുബന്ധിച്ച് പാനിയങ്ങളും മറ്റ് ആഹാര സാധനങ്ങളും വിതരണം ചെയ്യുന്നവർ ഫുഡ് സേഫ്ടി അധികൃതരുടെ അനുമതി നിർബന്ധമായും വാങ്ങിയിരിക്കേണ്ടതാണ്. അതുമതിയില്ലാതെ ഭക്ഷണ വിതരണം നടത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കുന്നതാണ്. പൊങ്കാല കഴിഞ്ഞ് തിരികെ പോകുന്ന വാഹാനങ്ങൾ തടഞ്ഞു നിർത്തി പാനീയ വിതരണം നടത്താൻ പാടില്ല. ഇപ്രകാരം ചെയ്യുന്ന സംഘാടകർക്കെതിരെയും നിർത്തുന്ന വാഹനങ്ങൾക്കെതിരേയും നിയമ നടപടി സ്വീകരിക്കും. ഉത്സവ മേഖലയിൽ ഭക്തജനങ്ങൾക്കും വാഹനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് റോഡ് സൈഡിൽ തട്ടുകടകൾ അനുവദിക്കുന്നതല്ല. അനധികൃതമായി പ്രവർത്തിക്കുന്ന തട്ടുകടകൾ നീക്കം ചെയ്ത്, നിയമ നടപടി സ്വീകരിക്കും.

അടിയന്തിര സാഹചര്യം നേരിടുന്നതിനായി ക്ഷേത്രത്തിന്റെ തെക്കു വശം റോഡു വഴി ഹോമിയോ കോളജ്, മരുതൂർകടവ്, ബണ്ട് റോഡു വഴി എമർജൻസി പാത സജ്ജമാക്കിയിട്ടുണ്ട്. അവിടങ്ങളിൽ വാഹന പാർക്കിങ് നിരോധിച്ചു. പൊങ്കാല ദിവസവും തലേ ദിവസവും കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ബൈപാസ് റോഡിനോട് ചേർന്നുള്ള സർവീസ് റോഡുകളിൽ പാർക്കിങ് അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

Share This Post
Exit mobile version