തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ടെക്നോപാര്‍ക്കില്‍ ബോധവത്കരണ പരിപാടിയുമായി ഐ.ടി കമ്പനികളുടെ കൂട്ടായ്മയായ ജിടെക്. ‘മയക്കുമരുന്നിനോട് നോ, ആരോഗ്യത്തോട് യെസ്’ എന്ന കാമ്പയിന്റെ ഭാഗമായി വാദ്യമേളം, സൂപ്പര്‍ ബൈക്ക് ഷോ, സംസ്ഥാനത്തെ പ്രമുഖ ഐ.ടി കമ്പനികളിലെ ടെക്കികളുടെ ഫ്ളാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. തിരുവനന്തപുരം അസിസ്റ്റന്റ് പൊലിസ് കമ്മിഷണര്‍ നിയാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഐ.ടി പാര്‍ക്കുകളില്‍ നടക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിനു തുടക്കം കുറിച്ച് നടന്ന പരിപാടി ജിടെക് (ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ്) ആഭിമുഖ്യത്തിലാണു സംഘടിപ്പിച്ചത്. മാര്‍ച്ച് 19 ന് തിരുവനന്തപുരത്ത് നടക്കുന്ന മാരത്തണോടെയാണു ക്യാമ്പയിന്‍ സമാപിക്കുക.
ലഹരി വിമുക്ത കേരളം എന്ന ആശയം മുന്‍നിര്‍ത്തി ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുന്ന ജിടെക്കിനെ അഭിനന്ദിക്കുന്നതായും ഇത്തരം ഒരു ക്യാംപയിനിന്റെ വിജയത്തിനായി സഹകരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ടെക്‌നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായര്‍ പറഞ്ഞു.
കേരളത്തിലെ 80 ശതമാനം ടെക്കികളെയും ഉള്‍ക്കൊള്ളുന്ന 300 കമ്പനികള്‍ക്ക് അംഗത്വമുള്ള ഐ.ടി വ്യവസായ സംഘടനയാണു ജിടെക്. സോഷ്യല്‍ ഔട്ട്‌റീച്ച് കാമ്പെയിന്റെ ഭാഗമായി, വിവിധ സാമൂഹ്യവിഷയങ്ങള്‍ ജിടെക് സജീവ ചര്‍ച്ചയാക്കുന്നുണ്ട്.