Press Club Vartha

വിഷ്ണുവിൻറെ ഹൃദയവാൽവുകൾ ഇനിയും തുടിപ്പേകും

പോത്തൻകോട്: നാടിനെ ദുഃഖത്തിലാഴ്ത്തി ചൊവ്വാഴ്ച രാത്രിയിൽ റോഡ് അപകടത്തിൽ മരണപ്പെട്ട എൻജിനീയറിങ് വിദ്യാർഥി എ.എസ്. വിഷ്ണുവിൻ്റെ ഹൃദയ വാൽവുകൾ മറ്റു ഹൃദയങ്ങൾക്ക് തുടിപ്പേകും. ശ്രീചിത്ര മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരാണ് വിഷ്ണുവിൻ്റെ ഹൃദയവാൽവുകൾ ബന്ധുക്കളുടെ അനുമതിയോടെ ശസ്ത്രക്രിയ ചെയ്ത് ശേഖരിച്ചത്. ഈ ഹൃദയവാൽവ് ‘വാൽവ് ബാങ്കിൽ’ നിശ്ചിത ഊഷ്മാവിൽ സൂക്ഷിച്ച് അനുയോജ്യമായ രോഗിയുടെ ഹൃദയത്തിന് നൽകും.

ചൊവ്വാഴ്ച രാത്രി 8 30 നാണ് പോത്തൻകോട് ശാന്തിഗിരിയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കാട്ടായികോണം കോട്ടുകുടിയിൽ എ എസ് വിഷ്ണു(20)
പരിക്കേറ്റു മരിച്ചത്. ആറ്റിങ്ങൽ ഗവ. എൻജിനീയറിങ് കോളേജിലെ രണ്ടാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ വിഷ്ണു പഠനം കഴിഞ്ഞ് രാത്രിസമയം പോത്തൻകോട് വിസ്മയ ഫാൻസി സെൻററിൽ പാർടൈം ജോലി നോക്കി വരികയാണ്. ഒപ്പം ജോലി ചെയ്യുന്ന സുഹൃത്ത് കാട്ടായിക്കോണം കോണത്ത് വീട്ടിൽ വിഷ്ണുവിനൊപ്പം ബൈക്കിൽ ശാന്തിഗിരിയിലെ പെട്രോൾ പമ്പിൽ പോയി ഇന്ധനം നിറച്ച് മടങ്ങും വഴിയായിരുന്നു അപകടം. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിൻറെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന വിഷ്ണു മെഡിക്കൽ കോളേജ് ആശുപത്രിയിൽ
ചികിത്സയിലാണ്.

മരണപ്പെട്ട വിഷ്ണുവിൻ്റെ പിതാവ് അശോക് കുമാർ നിർമാണ തൊഴിലാളിയാണ്; അമ്മ സൗമ്യ അംഗൻവാടി ജീവനക്കാരിയും. സഹോദരൻ വൈഷ്ണവ് കാട്ടായിക്കോണം യു പി എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

Share This Post
Exit mobile version