Press Club Vartha

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് തീപ്പിടുത്തം

കൊച്ചി: എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വൻ തീപ്പിടുത്തം. ഇതേ തുടർന്ന് നഗരത്തിലെങ്ങും കനത്ത പുക തങ്ങി നിൽക്കുന്നു. പ്രധാന ഇടത്ത് നിന്ന് കിലോമീറ്ററുകളോളം അകലെയ്ക്ക് പുക വ്യാപിച്ചിട്ടുണ്ട്. തീ പടർന്നു പിടിച്ചത് ഇന്നലെ വൈകിട്ട് നാലരയോടെയാണ്. തീ പിടുത്തതിനുണ്ടായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ലെന്നാണ് പ്രാഥമിക വിവരം.

തീ ഇതുവരേയും പൂർണ്ണമായി അണയ്ക്കാനായിട്ടില്ല. അണയാതെ കിടക്കുന്ന കനലുകളിൽ നിന്ന് തീ വീണ്ടും പടരാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. സ്ഥലത്ത് ആളപായമോ മറ്റു നാശനഷ്ട്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും കൊച്ചിയിലെ നഗരത്തിലെങ്ങും കനത്ത പുക മൂടിക്കെട്ടി നിൽക്കുകയാണ്. ഇതിനു മുമ്പ് പലവട്ടം ബ്രഹ്മപുരം പ്ലാന്‍റിൽ തീപിടുത്തമുണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം 3 ദിവസമെടുത്താണ് തീ കെടുത്താന്‍ സാധിച്ചത്. നിലവിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടർന്നു കൊണ്ടിരിക്കുകയാണ്.

തീയണയ്ക്കാനുള്ള ശ്രമം നടത്തിയത് വിവിധ പ്രദേശങ്ങളിൽ നിന്നായി 6 ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ്. തീപിടുത്തമുണ്ടായത് കിന്‍ഫ്രാ ഇന്‍ഡസ്ട്രിയൽ പാർക്കിന് പുറകിലായുള്ള ചതുപ്പ് പാടത്താണ്. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ പൂർണ്ണമായും അണയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.

Share This Post
Exit mobile version