Press Club Vartha

ശുഹൈബ് വധക്കേസ്: കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : ശുഹൈബ് വധക്കേസിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കൊന്നവരെ മാത്രമല്ല കൊല്ലിച്ചവരെയും കണ്ടെത്തണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ശുഹൈബ് വധക്കേസിൽ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയം നൽകിയിരുന്നു. എന്നാൽ സ്പീക്കർ അനുമതി നൽകിയില്ല. ഇതോടെ പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിപ്പോയി.

പുതിയ വെളിപ്പെടുത്തൽ അന്വേഷണ ഉദ്യോഗസ്ഥൻ അറിഞ്ഞിട്ടില്ല എന്നാണ് മുഖ്യമന്ത്രി സഭയിൽ വന്ന പറയുന്നത്. ഇങ്ങനെയാണോ മുഖ്യമന്ത്രി സഭയിൽ മറുപടി പറയേണ്ടതെന്ന് വി ഡി സതീശൻ ചോദിച്ചു. ആകാശ് തില്ലങ്കേരി പിജെ ആർമിയിലെ മുന്നണി പോരാളിയായിരുന്നു. വർഷങ്ങളായി ക്രിമിനൽ പ്രവർത്തനം നടത്തുന്ന കൊട്ടേഷൻ സംഘത്തിലെ അംഗമാണ് ഇയാളെന്നും സിപിഎം ആകാശിനെ ഒക്കത്ത് വെച്ച് നടക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുസ്തകം വായിക്കുന്ന പിള്ളേർക്കെതിരെ യുഎപിഎ കേസെടുക്കുന്ന സർക്കാർ ആണിത്. ഗൂഢാലോചനക്കാരെ സംരക്ഷിക്കാനാണ് സിബിഐ അന്വേഷണത്തെ സർക്കാർ എതിർത്തത്. നിലവിലെ അന്വേഷണം അപൂർണ്ണമാണ്. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്തി സുപ്രീംകോടതിയിൽ പോകില്ല എന്ന് സർക്കാർ പറയുമോ? കാലം വന്ന് നിങ്ങളോട് കണക്ക് ചോദിച്ചുകൊണ്ടിരിക്കുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

ശുഹൈബ് വധക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത് കോൺഗ്രസ് എംഎൽഎ ടി സിദ്ദിഖ് ആണ്. തില്ലങ്കേരിയിൽ ഇപ്പോൾ നടക്കുന്നത് മറ്റൊരു പോരാട്ടമാണെന്നും അത് കൊന്നവരും കൊല്ലിച്ചവരും തമ്മിലാണെന്നും ആകാശ് തില്ലങ്കേരി അടക്കമുള്ളവരുടെ ഫേസ്ബുക്ക് പോസ്റ്റുകളും കമന്റുകളും ഉദ്ധരിച്ച് ടി സിദ്ദിഖ് പറഞ്ഞു. എന്നാൽ ചട്ടപ്രകാരമല്ലാത്ത കാര്യങ്ങൾ സഭാ രേഖയിൽ ഉണ്ടാകില്ലെന്നായിരുന്നു സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കിയത്.

Share This Post
Exit mobile version