Press Club Vartha

തൃശൂർ മെഡിക്കൽ കോളേജിൽ മരുന്ന് മാറി നൽകിയതിനെ തുടര്‍ന്ന് രോഗി ഗുരുതരാവസ്ഥയിൽ

തൃശൂർ: തൃശൂർ മെഡിക്കൽ കോളെജിൽ മരുന്ന് മാറി നൽകിയതിനെ തുടർന്ന് രോഗി ഗുരുതരവസ്ഥയിൽ. ചാലക്കുടി പേട്ട സ്വദേശി അമലാണ് ഗുരുതരാവസ്ഥയിലുള്ളത്. മരുന്ന് മാറി കഴിച്ച് അബോധാവസ്ഥയിലായ അമലിനെ വെന്‍റിലേറ്ററിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റാണ് അമൽ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. രോഗം ഭേദമായി ആശുപത്രി വിടാനിരിക്കെയാണ് സംഭവം.

ഹെൽത്ത് ടോണിക്കിന് പകരം രോഗിക്ക് ചുമയുടെ മരുന്ന് നൽകിയെന്ന് ബന്ധുക്കൾ പറയുന്നു. ഇതോടെ രോഗി അബോധാവസ്ഥയിലായി. രോഗിക്ക് ഡോക്‌ടർ മരുന്ന് എഴുതി നൽകിയത് ഔദ്യോഗിക ലെറ്റർ പാഡിന് പകരം ഒരു തുണ്ട് കടലാസിലാണ്. മാത്രമല്ല മെഡിക്കൽ ഷോപ്പിൽ‌ നിന്നും ഈ മരുന്ന് തെറ്റായിട്ടാണ് നൽകിയത്. പിന്നീട് ആശുപത്രിയിലെ നഴ്സിനെ കാണിച്ചപ്പോൾ മരുന്ന് കഴിച്ചോളാൻ പറഞ്ഞെന്നും അങ്ങനെയാണ് മരുന്ന് കൊടുത്തതെന്നും ബന്ധുക്കൾ പറഞ്ഞു.

മികച്ച ചികിത്സ നൽകാൻ മെഡിക്കൽ കോളേജിലെ ഡോക്ടര്‍ കൈക്കൂലി വാങ്ങിയെന്ന ഗുരുതര ആരോപണവും ബന്ധുക്കൾ ഉന്നയികിക്കുന്നുണ്ട്. ഓർത്തോ വിഭാഗത്തിലെ ഡോക്ടർ കൈകൂലിയായി 3200 രൂപ വാങ്ങി. വടക്കാഞ്ചേരിയിലെ ഒരു ക്ലിനിക്കിൽ ചെന്നാണ് ഡോക്ടര്‍ക്ക് പണം കൊടുത്തതെന്നും ഇതിനു ശേഷമാണ് ആശുപത്രിയിൽ മികച്ച ചികിത്സ ലഭിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

സംഭവത്തിൽ അന്വേഷണം അരംഭിച്ചതായി മെഡിക്കൽ കോളെജ് സൂപ്രണ്ട് അറിയിച്ചു. മരുന്നു മാറിക്കഴിച്ചതിനെത്തുടർന്ന് രോഗിക്ക് ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. അലര്‍ജി, ചുമ എന്നീ അസുഖങ്ങൾക്ക് നൽകുന്ന മരുന്നാണ് ഇത്. മരുന്ന് കഴിച്ച് അടുത്ത ദിവസം രോഗിക്ക് അപസ്മാരം വന്നെന്നും റിപ്പോ‍ര്‍ട്ടിലുണ്ട്. ആരോഗ്യ നില വഷളായതോടെ ഉടന്‍ വാർഡിൽ നിന്ന് ഐസിയുവിലേക്കും പിന്നീട് വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.

Share This Post
Exit mobile version