കൊച്ചി: ഇന്നത്തോടെ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീ പൂർണമായും അണയ്ക്കുമെന്ന് എറണാകുളം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. തീ അണക്കൽ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്നും തീയണച്ച ശേഷവും നിരീക്ഷണം തുടരുമെന്നും മാലിന്യ പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.
അതേ സമയം ബ്രഹ്മപുരം വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉയർത്തി. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ നിർമിത ദുരന്തമാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപ്പിടിത്തമെന്ന് പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞു.
സർക്കാർ ഹൈക്കോടതി ഇടപെട്ട ശേഷമാണ് ഊർജിതമായി വിഷയത്തിൽ ഇടപെട്ടത്. ബ്രഹ്മപുരത്തേത് എൻഡോസൾഫാൻ ദുരന്തത്തിന് സമാനമാണ്. തീ കെടുത്താൻ ആദ്യ രണ്ടു ദിവസം ഒരു ഏകോപനം ഉണ്ടായില്ല. മന്ത്രി പറഞ്ഞതിൻ്റെ ഇരട്ടി ആളുകളാണ് വീടുകൾക്ക് ഉള്ളിൽ ബുദ്ധിമുട്ടുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി.
കൊച്ചിയിൽ 851 പേരാണ് ഇതുവരെ ചികിത്സ തേടിയത്. സ്വന്തം നിലയ്ക്ക് മരുന്ന് വാങ്ങി ചികിത്സ നടത്തിയവരുമുണ്ട്. നാളെ മുതൽ ഫീൽഡ് സർവേ ആരംഭിക്കും. ഇതിനായി 200 ആശാ പ്രവർത്തകരെ സജ്ജമാക്കി. ഇന്നുമുതൽ മൊബൈൽ ക്ലിനിക്കുകൾ ആരംഭിക്കും. കിടപ്പ് രോഗികൾക്ക് പ്രത്യേക ക്രമീകരണമുണ്ട്.