Press Club Vartha

വഴിയോര വിശ്രമകേന്ദ്രം പദ്ധതി: കോടികളുടെ സര്‍ക്കാര്‍ ഭൂമി കുത്തകകള്‍ക്കു തീറെഴുതാനുള്ള കുറുക്കുവഴി; പി അബ്ദുല്‍ ഹമീദ്

തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാനുള്ള കുറുക്കുവഴിയാണ് വഴിയോര വിശ്രമകേന്ദ്രം പദ്ധതിയെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. 30 സ്ഥലങ്ങളില്‍ taഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. റവന്യു, ധന, നിയമ വകുപ്പുകളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഇത്ര ബൃഹത്തായ പദ്ധതി തുടങ്ങുന്നതിന്റെ പിന്നിലെ താല്‍പ്പര്യം ദുരൂഹമാണ്. ഭൂമി അന്യാധീനപ്പെടുത്തരുത് എന്ന പ്രധാന വ്യവസ്ഥ ഒഴിവാക്കണമെന്നു വിദേശ മലയാളികളെ ചേര്‍ത്തു നോര്‍ക്ക റൂട്സിന്റെ കീഴില്‍ രൂപീകരിച്ച ഓവര്‍സീസ് കേരള ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഹോള്‍ഡിങ് ലിമിറ്റഡ് (ഓകില്‍) എന്ന കമ്പനി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആ വ്യവസ്ഥയും മാറ്റിയിരിക്കുകയാണ്. ഭൂമി ബാങ്കില്‍ പണയപ്പെടുത്തി വായ്പ എടുക്കാനുള്ള സൗകര്യത്തിനു വേണ്ടിയാണിത് എന്ന ന്യായത്തിലാണു തീരുമാനം. ഇതോടെ ഭൂമിയുടെ ഉടമസ്ഥതാവകാശം തന്നെ സര്‍ക്കാരിനു നഷ്ടമാകും.

ആദ്യപടിയായി കാസര്‍കോട് തലപ്പാടിയില്‍ ജിഎസ്ടി വകുപ്പിന്റെ 7.5 കോടി ന്യായവില കണക്കാക്കിയ 5 ഏക്കറും ആലപ്പുഴ ചേര്‍ത്തലയില്‍ സില്‍ക്ക്, ഓട്ടോകാസ്റ്റ് എന്നീ പൊതുമേഖലാ സ്ഥാപനങ്ങളുടെ 45 കോടിയുടെ 5 ഏക്കറും ഓകില്‍ കമ്പനിക്കു പതിച്ചു നല്‍കാന്‍ നടപടി തുടങ്ങിയിരിക്കുകയാണ്. വയനാട് ലക്കിടിയില്‍ പൊതുമരാമത്തു വകുപ്പിന്റെ ഭൂമി, ആലുവയില്‍ റവന്യുവിന്റെയും ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡിന്റെയും ഭൂമി, മലപ്പുറം നിലമ്പൂരില്‍ വനഭൂമി എന്നിവയും വിശ്രമകേന്ദ്രം തുടങ്ങാനായി കണ്ടെത്തിയിട്ടുണ്ട്.

ഓകില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനിയാണെന്നാണ് അവകാശവാദം. എന്നാല്‍ ബാജു ജോര്‍ജ് എങ്ങിനെയാണ് കമ്പനി എംഡി ആയതെന്ന ചോദ്യത്തിന് മുഖ്യമന്ത്രിക്ക് മറുപടിയില്ല. ഓകില്‍ കമ്പനിക്കു നല്‍കുന്ന ഭൂമിയില്‍ പദ്ധതി വികസിപ്പിച്ച ശേഷം റെസ്റ്റ് സ്റ്റോപ്പ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മറ്റൊരു എസ്പിവി രൂപീകരിച്ച് അവര്‍ക്ക് കൈമാറുമെന്നാണ് പറയുന്നത്. ഈ എസ്പിവിയില്‍ 26% സര്‍ക്കാര്‍ ഓഹരിയും 74% ഓഹരി വിദേശ മലയാളികള്‍ക്കുമാണ്. പിന്നീട് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിച്ച് അവര്‍ക്കു കൈമാറും എന്നാണ് ‘ഓകില്‍’ വ്യക്തമാക്കുന്നത്. ഈ പദ്ധതിയ്ക്കു പിന്നില്‍ അടിമുടി ദുരൂഹതയാണ്.

പൊതുമേഖലാ സ്ഥാപനങ്ങള്‍ ചങ്ങാത്ത മുതലാളിമാര്‍ക്ക് ചുളുവിലയ്ക്ക് വില്‍പ്പന നടത്തുന്ന ബിജെപി സര്‍ക്കാരിന്റെ അതേ പാത തന്നെയാണ് ഇടതു സര്‍ക്കാരും തുടരുന്നത്. സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുത്തുന്ന പദ്ധതി സംബന്ധിച്ച് ഇടതു മുന്നണിയിലെ സിപിഐ ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ നിലപാട് വ്യക്തമാക്കണമെന്നും കോടികളുടെ സര്‍ക്കാര്‍ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് കൈമാറാനുള്ള നീക്കത്തില്‍ നിന്ന് ഇടതു സര്‍ക്കാര്‍ പിന്മാറണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.

Share This Post
Exit mobile version