Press Club Vartha

മണൽ മാഫിയയ്ക്ക് എതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളി അമ്മ അന്തരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറിലെ മണൽമാഫിയയ്ക്ക് എതിരെ 20 വർഷം ഒറ്റയാൾ പോരാട്ടം നടത്തി ശ്രദ്ധേയയായ ഡാളി അമ്മ (86) അന്തരിച്ചു. ഇന്ന് മൂന്ന് മണിയോടുകൂടിയാണ് ഡാലി അമ്മ വാർദ്ധക്യസഹജമായ അസുഖം മൂലം മരണപ്പെട്ടത്. മരണപ്പെട്ട ഡാലിയുടെ ശവശരീരം ഇപ്പോൾ അണ്ടൂർക്കോണം പായ്ചിറയിലെ ജില്ലാ പഞ്ചായത്തു വയോജന പരിപാലാന കേന്ദ്രത്തിലാണ് ഉള്ളത്.

2021 ഒക്ടോബറിൽ ഡാളി അമ്മയുടെ സംരക്ഷണം ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുത്തിരുന്നു. ഓലത്താന്നി ഡാളി കടവിലെ, ഡാളി അമ്മൂമ്മയുടെ കഷ്ടപ്പാട് അറിഞ്ഞ ജില്ലാപഞ്ചായത്ത് ആരോഗ്യവകുപ്പ് സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ വിആർ, സലൂജയുടെ നേതൃത്വത്തിലാണ് പാച്ചിറയിലെ അഗതിമന്ദിരത്തിലേക്കു മാറ്റിയത്. മഴ ശക്തമായി നെയ്യാറിലെ ജലനിരപ്പ് ഉയർന്നതോടെ നേരത്തെ, തന്നെ സുഹൃത്തിന്റെ വീട്ടിലേയ്ക്ക് മാറുകയായിരുന്നു.എന്നാൽ കാട്ടാക്കടയിലുള്ള, പരിചയക്കാരിയുടെ വീട്ടിൽ ഒരാഴ്ചയോളമായി ഭക്ഷണമില്ലാതെ അവശനിലയിലാണ് ഡാളി അമ്മൂമ്മയെ, കണ്ടെത്തിയത്.

ഓലത്താന്നിയിൽ നെയ്യാറിന്റെ തീരത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഡാളി അമ്മൂമ്മ മണൽമാഫിയകളുടെ ,ഭീഷണിയെ വകവയ്ക്കാതെ ഒറ്റയാൾ പോരാട്ടം നടത്തി അതിജീവിച്ചാണ് ശ്രദ്ധേയമായത്.
വീടിനു ചുറ്റുമുള്ള സ്ഥലം മണൽമാഫിയ ഇടിച്ചതിനെത്തുടർന്ന് ഡാളി അമ്മൂമ്മയുടെ വീട്, ആറിന്റെ മധ്യത്തിലായി., എന്നിട്ടും വീട് ഉപേക്ഷിക്കാതെ അവിടേക്ക് മുളകൊണ്ട് താത്കാലിക പാലം നിർമ്മിച്ച് താമസിച്ച് അമ്മൂമ്മ പോരാട്ടം തുടർന്നു., നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിലെ തൂപ്പുകാരിയായി, വിരമിച്ച ഡാളി അമ്മൂമ്മ പെൻഷനായി ലഭിച്ചിരുന്ന 8000 രൂപ കൊണ്ടാണ് കഴിഞ്ഞിരുന്നത്.

കഴിഞ്ഞ പ്രളയകാലത്ത് നെയ്യാർ നിറഞ്ഞൊഴുകിയതോടെ, താൽക്കാലിക പാലം ഉൾപ്പടെ തകർന്നതോടെയാണ് ഇവർ വീട് ഉപേക്ഷിച്ചത്. ഡാളിയമ്മൂമ്മയെ പോലീസും റവന്യൂ അധികൃതരും, പരണിയത്തെ ബന്ധുവീട്ടിലാക്കുകയായിരുന്നു.മഴയും വെള്ളപ്പൊക്കവും മാറിയെങ്കിലും വീട്ടിൽ പ്രവേശിക്കാനാകാത്തതിനാൽ ബന്ധുവീട്ടിൽനിന്നും പിന്നീട് കാട്ടാക്കട പുല്ലുവിളാകത്ത്, പരിചയക്കാരിയും പരിസ്ഥിതി പ്രവർത്തക ചന്ദ്രികയുടെ വീട്ടിലേക്ക് താമസം മാറി.

വയോധികയായ ചന്ദ്രികയ്ക്ക് അടുത്തിടെ അർബുദം സ്ഥിരീകരിച്ചു. ഇവർ കിടപ്പിലായതോടെ ഡാളിയമ്മൂമ്മയുടെ ഭക്ഷണവും മുടങ്ങി. ഒരാഴ്ചയായി ഭക്ഷണമില്ലാതെ ഈ വീട്ടിൽ കഴിഞ്ഞ ഡാളിയമ്മൂമ്മയെക്കുറിച്ച്, ജില്ലാപ്പഞ്ചായത്തിന് പരാതി ലഭിച്ചു. തുടർന്ന് ജില്ലാപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ വിആർ, സലൂജ കാട്ടാക്കടയിലെ വീട്ടിലെത്തി ഡാളിയമ്മൂമ്മയെ അഗതിമന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.

ഡാളി അമ്മയുടെ മരണം ജില്ലാ പഞ്ചായത്ത് ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ ജില്ലാ പഞ്ചായത്ത് സംസ്കാരം നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ പറഞ്ഞു.

Share This Post
Exit mobile version