Press Club Vartha

കഴക്കൂട്ടത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി തമ്മിലടി

കഴക്കൂട്ടം: കഴക്കൂട്ടത്ത് ദേശീയ പാതയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു വേണ്ടി തമ്മിലടി. സ്ഥലത്തെ ഓട്ടോക്കാരാണ് തർക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവസ്ഥലത്ത് ഓട്ടോക്കാരുടെ പോസ്റ്റർ പ്രചരണവും തർക്കവും അരങ്ങേറി. തർക്കത്തിനൊടുവിൽ കെ എസ് ആർ ടി സി സ്ഥാപിച്ച ബസ് സ്റ്റോപ്പ് ബോർഡ് എടുത്ത് മാറ്റി.

എലിവേറ്റഡ് ഹൈവേ നിർമ്മാണം സമയത്താണ് തർക്കത്തിനാസ്പദയമായ സംഭവം ആരംഭിച്ചത്. നിർമ്മാണം നടന്ന സമയത്ത് കഴക്കൂട്ടത്തെ ബസ് സ്റ്റോപ്പ് താൽക്കാലികമായി കഴക്കൂട്ടം ശ്രീകാര്യം റോഡിന്റെ വശത്തേക്ക് മാറ്റി സ്ഥാപിച്ചിരുന്നു. തുടർന്ന് നിർമ്മാണം പൂർത്തിയായതോടെ പഴയ സ്ഥലത്ത് പുതിയ ബസ് കാത്തിരിപ്പുകേന്ദ്രം ദേശീയപാത അതോറിട്ടി നിർമ്മിച്ചിരുന്നു. എന്നാൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഇരിക്കുന്ന താൽകാലിക സ്ഥലത്ത് തന്നെ മതി എന്ന് പറഞ്ഞാണ് ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ രംഗത്തെത്തിയിരിക്കുന്നത്. ഇതിന്റെ നിർമ്മാണ സമയത്തും ഇവർ ഇത്തരത്തിൽ പ്രശ്നമുണ്ടാക്കിയിരുന്നു.
തുടർന്ന് പോലീസെത്തിയതോടെയാണ് ഇവർ പിന്മാറിയത്.

ഇന്നലെ രാവിലെ പുതിയ കാത്തിരിപ്പ് കേന്ദ്രത്തിൽ പുന:സ്ഥാപിച്ച ബസ് സ്റ്റോപ്പ് ബോർഡ് വൈകുനേരത്തോടെ കെ എസ് ആർ ടി സി ഉദ്യോഗസ്ഥരെത്തി വീണ്ടും ഫെഡറൽ ബാങ്കിനു സമീപത്തുളള താൽകാലിക കാത്തിരിപ്പ് കേന്ദത്തിലേക്ക് മാറ്റി. ഇതിനെതിരെ കഴക്കൂട്ടത്തെ സംയുക്ത തൊഴിലാളിസംഘടനയിലെ നേതാക്കൾ പോലീസിൽ പരാതി നൽകി.ദേശീയപാത അതോറിറ്റി നിർമിച്ച സ്ഥലത്ത് തന്നെ ബസ്റ്റോപ്പ് ബോർഡും സ്ഥാപിക്കണമെന്നാണ് നേതാക്കൾ പറയുന്നത്. ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും എന്നും സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.

Share This Post
Exit mobile version