Press Club Vartha

ചരിത്ര നേട്ടവുമായി കിൻഫ്ര; കുതിച്ചുയർന്ന് നിക്ഷേപം

തിരുവനന്തപുരം: വ്യവസായരംഗത്ത് കേരളം കുതിക്കുന്നതിൻ്റെ ഉദാഹരണമാണ് രണ്ട് വർഷം കൊണ്ട് കിൻഫ്ര കൈവരിച്ച ചരിത്ര നേട്ടമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ സർക്കാർ അധികാരത്തിലേറി കേവലം രണ്ട് വർഷത്തിനുള്ളിൽ 1862.66 കോടി രൂപയുടെ സ്വകാര്യനിക്ഷേപം കേരളത്തിലേക്ക് ആകർഷിക്കാൻ സാധിച്ചതിനൊപ്പം 24003 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കിൻഫ്രയ്ക്ക് സാധിച്ചു. 2011-16ലെ യു.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് 5 വർഷം കൊണ്ട് 786.8 കോടി രൂപയുടെ നിക്ഷേപം മാത്രമാണ് ഉണ്ടായത് എന്നുകൂടി കാണേണ്ടതുണ്ട്.

അന്നുണ്ടായ നിക്ഷേപത്തിൻ്റെ രണ്ടിരട്ടിയിലധികം നിക്ഷേപം രണ്ട് വർഷം കൈവരിക്കാനും 5 ഇരട്ടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാധിച്ചത് കേരളത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷത്തിൻ്റെ പ്രതിഫലനം കൂടിയാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൊണ്ടുവന്ന 1511 കോടിയുടെ റെക്കോർഡ് നിക്ഷേപസമാഹരണവും രണ്ട് വർഷം കൊണ്ട് രണ്ടാം പിണറായി സർക്കാർ മറികടന്നിട്ടുണ്ട്. അന്ന് സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളേക്കാൾ കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കാനും ഈ കാലയളവിൽ കിൻഫ്രയ്ക്ക് സാധിച്ചു.

ടാറ്റ എലക്സി, അഗാപ്പെ, ഹൈക്കോൺ, വിൻവിഷ് ടെക്നോളജീസ്, ട്രാൻസ് ഏഷ്യൻ ഷിപ്പിങ്ങ് കമ്പനി, വി ഗാർഡ് മുതലായ പ്രമുഖ കമ്പനികളുടെ നിക്ഷേപം കിൻഫ്രയുടെ വിവിധ വ്യവസായ പാർക്കുകളിലേക്ക് ആകർഷിച്ചിട്ടുണ്ട്. കിൻഫ്ര അനുവദിച്ച എല്ലാ അലോട്ട്മെൻ്റുകളുടെയും നിർമ്മാണപ്രവർത്തനങ്ങൾക്ക് ഏകജാലക സംവിധാനം വഴി അംഗീകാരവും നൽകിക്കഴിഞ്ഞു.

Share This Post
Exit mobile version