Press Club Vartha

ഹിമാംശു നന്ദയും ഊരാളിയും ക്രാഫ്റ്റ്സ് വില്ലേജിൽ നാളെ (ഞായറാഴ്ച) സംഗീതവിരുന്നൊരുക്കും

തിരുവനന്തപുരം: കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൻ്റെ പ്രതിമാസപരിപാടിയായ ‘സെൻ്റർ സ്റ്റേജി’ൽ മാർച്ച് 19 ഞായറാഴ്ച വൈകിട്ട് 6 30-ന് ഹിമാംശു നന്ദയുടെ ഹിന്ദുസ്ഥാനി ബാംസുരിയും തുടർന്ന് എട്ടിന് ഊരാളി ബാൻഡിൻ്റെ ‘പാട്ടുപൊരുൾക്കൂത്തും’ നടക്കും.

പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയുടെ ഏറ്റവും മുതിർന്ന ശിഷ്യനാണ് പ്രശസ്ത ഹിന്ദുസ്ഥാനി പുല്ലാങ്കുഴൽ വാദകൻ ഹിമാംശു നന്ദ. അമേരിക്കയിലെ 17-ഉം യൂറോപ്പിലെ 13-ഉം നഗരങ്ങളിൽ ഉൾപ്പെടെ പതിനഞ്ചോളം രാജ്യങ്ങളിൽ സംഗീതപരിപാടി അവതരിപ്പിച്ചിട്ടുള്ള ഇദ്ദേഹം നിരവധി പുരസ്ക്കാരങ്ങളും നേടിയിട്ടുണ്ട്. അനുരാഗ്, അന്തർനാദ്, ബാംസുരി മെഡിറ്റേഷൻ തുടങ്ങിയവയാണ് പ്രധാന ആൽബങ്ങൾ. നിരവധിപേരെ ആകർഷിച്ച ‘മ്യൂസിക്കൽ ക്വോഷ്യൻ്റ് റ്റു ഹാപ്പിനെസ് ക്വോഷ്യൻ്റ്’ (MQ 2 HQ) എന്ന ശില്പശാലയുടെ സംഘാടകൻ, ഓൺലൈനായി ബാംസുരി അഭ്യസിപ്പിക്കുന്ന പുനെയിലെ മിസ്റ്റിക് ബാംബൂ അക്കാദമിയുടെ സ്ഥാപകൻ എന്നീ നിലകളിലും പ്രസിദ്ധനാണ്.

ശക്തമായ സാമൂഹികവിമർശനത്തിനുകൂടി സംഗീതത്തെ പ്രയോജനപ്പെടുത്തുന്ന സാമൂഹികോത്തരവാദിത്വമുള്ള സംഗീതക്കൂട്ടായ്മയാണ് പ്രമുഖ മലയാളം മ്യൂസിക് ബാൻഡായ ഊരാളി. ഏതാനും മാസം മുമ്പു ക്രാഫ്റ്റ്സ് വില്ലേജിൽ നടന്ന രാജ്യാന്തര ഇൻഡീ മ്യൂസിക് ഫെസ്റ്റിവലിലും ഊരാളി ബാൻഡ് ഹരമായിരുന്നു.

Share This Post
Exit mobile version