പാലക്കാട്: കോൺഗ്രസ് വിമർശനങ്ങൾക്കെതിരെ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പറഞ്ഞു. ഇവിടെ നടപ്പിലാകുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ബിജെപിയുടെ അജണ്ടയാണ്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്‍റുമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നല്ല രീതിയിൽ നിയമസഭ നടത്തികൊണ്ട് പോകാനാണ് മുഖ്യമന്ത്രിക്ക് ആഗ്രഹം. എന്നാൽ ബോധപൂർവ്വം സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം കാണിക്കുന്നത്. കോൺഗ്രസിൽ എന്ത് രാഷ്ട്രീയ വൽക്കരണമാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
താൻ മുഖ്യമന്ത്രിയുടെ മരുമകൻ എന്നത് ഒരു യാഥാർഥ്യം അല്ലേയെന്നും മന്ത്രി ചോദിച്ചു. മരുമകൻ എന്ന വിളിയിൽ യാതൊരു പ്രശ്നവുമില്ല. ‘ആരോപണങ്ങൾ ഉയരുമ്പോൾ പേടിച്ച് വീട്ടിലിരിക്കുന്നവർ അല്ല ഞങ്ങൾ’. അത്തരം വിമർശനങ്ങളെ കാര്യമാക്കുന്നില്ല. ഇങ്ങനെ വിമർശനം ഉന്നയിക്കുന്നവർക്ക് ചായയോ ബിരിയാണിയോ വാങ്ങി കൊടുക്കാനാണ് തോന്നാറെന്നും മന്ത്രി മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.