Press Club Vartha

ദേവികുളം തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി ജനാധിപത്യത്തിന്‍റെ വിജയം: കെ.സുധാകരന്‍ എംപി

കൊച്ചി: പട്ടികജാതി സംവരണം അട്ടിമറിച്ച ദേവികുളം സിപിഎം എംഎല്‍എയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹെെക്കോടതി വിധി ജനാധിപത്യത്തിന്‍റെ വിജയമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.

ഹെെക്കോടതി വിധിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. നീതിക്കായി നിയമപോരാട്ടം നടത്തി വിജയിച്ച യുഡിഎഫ് സ്ഥാനാർഥി ഡി.കുമാറിനെ കെപിസിസി പ്രത്യേകം അഭിനന്ദിക്കുന്നു. ജനാധിപത്യത്തെ സിപിഎം എങ്ങനെയെല്ലാം അട്ടിമറിക്കുന്നുയെന്നതിന് തെളിവാണ് ദേവികുളത്തേത്. പരിവര്‍ത്തന ക്രെെസ്തവ വിഭാഗത്തില്‍പ്പെട്ട എ.രാജ വ്യാജരേഖകള്‍ ഹാജരാക്കിയാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അദ്ദേഹത്തിന് മത്സരിക്കാനും രേഖകളില്‍ കൃത്രിമം കാട്ടാനും എല്ലാ സഹായവും അനുവാദവും നല്‍കിയ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്ത് പട്ടികജാതിക്കാരൻ അല്ലാത്ത ഒരു വ്യക്തിയെ വ്യാജരേഖകളുടെ ബലത്തില്‍ മത്സരിപ്പിച്ച സിപിഎമ്മിന്‍റെ ദളിത് വിരുദ്ധതയും ഇതോടെ മറനീക്കി പുറത്തുവന്നു. എല്ലാത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലും സിപിഎമ്മിന് പങ്കുണ്ട്. ജനാധിപത്യത്തിന് തീരാകളങ്കമാണ് സിപിഎം. നിയമസഭയെ പോലും നോക്കുകുത്തിയാക്കി പ്രതിപക്ഷത്തിന്‍റെ ശബ്ദം അടിച്ചമര്‍ത്തുന്നു. ഭരണകക്ഷി എംഎല്‍എമാരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍. മുഖ്യമന്ത്രിക്കും സിപിഎമ്മിനും അധികാരത്തിന്‍റെ തണലില്‍ എന്തുമാകാമെന്ന ധാര്‍ഷ്ട്യമാണ്. ക്രിമിനലുകളുടെ കൂടാരമായി എല്‍ഡിഎഫ് മുന്നണി മാറി. ആത്മാഭിമാനമുള്ള ഒരു കക്ഷിക്കും ആ മുന്നണിയില്‍ തുടരാന്‍ സാധിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

Share This Post
Exit mobile version