പോത്തൻകോട്: തട്ടിപ്പിനു ഇരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സഹകരണ സംഘങ്ങളിലെ ജോലി വാഗ്ദാനത്തിൽ വിശ്വസിച്ചു ലക്ഷങ്ങൾ നല്കി തട്ടിപ്പിനിരയായ യുവാവാണ് ആത്മഹത്യ ചെയ്തത്. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനിൽ രജിത് (38) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് രജിത്തിനെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് സജിത് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പു ജോലിക്കു പോയിരുന്ന അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
ചിറയിൻകീഴ് കൂന്തള്ളൂർ സ്വദേശി സജിത്ത്കുമാറാണ് തട്ടിപ്പ് നടത്തിയത്. ചിറയിൻകീഴ് താലൂക്കിൽ വ്യവസായ വകുപ്പിന് കീഴിൽ സഹഹകരണ സംഘങ്ങൾ രൂപീകരിച്ചു ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രെഡിഷണൽ ഫുഡ് പ്രോസസ്സിംഗ് ആന്റ് ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കെ ടി എഫ് ഐ സി എസ് ) യിൽ ജോലിക്കായാണ് ഇയാൾ സജിത്തിന് പണം നൽകിയത്.
വാവറയമ്പലം സ്വദേശിയായ രജിത്, സജിത്ത് കുമാറിന് 8 ലക്ഷം രൂപ ജോലിക്കായി നൽകിയിരുന്നു. രജിതിനും ഭാര്യയ്ക്കുമായി ജോലിക്കായിട്ടാണ് പണം നൽകിയിരുന്നത്. പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നൽകിയില്ല.
സജിത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി 20ഓളം കേസുകൾ നിലവിലുണ്ട്. പല കേസുകളിലും ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയുമാണ്.
പോത്തൻകോട് പൊലീസ് പരിശോധന നടത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രേവതി. മകൻ: ഋഷികേശ്.