Press Club Vartha

പ്രതിപക്ഷ പ്രതിഷേധം: സഭ താൽക്കാലികമായി നിർത്തി വച്ചു

തിരുവനന്തപുരം: നിയമസഭ സമ്മേളനം താത്കാലികമായി നിർത്തി വച്ചു. സമ്മേളത്തിന്‍റെ തുടക്കത്തിൽ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ നടുത്തളത്തിലിറങ്ങി. നിയമസഭ തർക്കങ്ങൾക്ക് സമവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോവുമെന്നും വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. മാത്രമല്ല സഭയില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പിണറായിക്ക് മോദിയുടെ അതേ മാനസികാവസ്ഥയാണെന്നും വിഡി സതീശൻ വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവിനോട് സഭാ നടപടികളോട് സഹകരിക്കണമെന്ന് സ്പീക്കർ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തിറങ്ങുകയായിരുന്നു. ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്. ഇന്ന് പ്രതിപക്ഷം പ്ലകാർഡുമായിട്ടാണ് സഭയിലെത്തിയത്.

മുഖ്യമന്ത്രിയുടേത് പ്രതിപക്ഷത്തെ പ്രകോപിച്ച് മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പൊലീസിനെ അയച്ച മോദിയുടെ നടപടിയുടെ തുടർച്ചയാണ് കേരളത്തിലെന്നും വി ഡി സതീശന്‍ ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

Share This Post
Exit mobile version