Press Club Vartha

ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ പൊതുമരാമത്ത് മന്ത്രിയുടെ പരിശോധന

തിരുവനന്തപുരം: പബ്ലിക് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് വിഭാഗം ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പരിശോധന നടത്തി.ഓഫീസിൽ ജീവനക്കാർ കൃത്യസമയത്ത് ഹാജരാകുന്നില്ലെന്ന പരാതിയെ തുടർന്നാണ് പരിശോധന. വ്യാഴാഴ്ച രാവിലെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആർക്കിടെക്റ്റിന്റെ ഓഫീസും അനുബന്ധ ഓഫീസുകളും നടന്ന പരിശോധിച്ച മന്ത്രി മുഴുവൻ രേഖകളും പരിശോധനയ്ക്ക് വിധേയമാക്കി.

മൂവ്മെന്റ് രജിസ്റ്റർ, കാഷ്വൽ ലീവ് രജിസ്റ്റർ, ക്യാഷ് ഡിക്ലറേഷൻ, സ്റ്റോക്ക് രജിസ്റ്റർ, പഞ്ചിംഗ് സ്റ്റേറ്റ്മെൻറ് തുടങ്ങിയവയും ഓഫീസിലെ ആകെ ജീവനക്കാരുടെ എണ്ണം , രേഖാമൂലം അവധിയെടുത്ത ജീവനക്കാരുടെ എണ്ണം, അനധികൃതമായി ലീവെടുത്ത് ജീവനക്കാരുടെ എണ്ണം എന്നിവയും പരിശോധിച്ചു. ഒരു എൻട്രി മാത്രമാണ് ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

പഞ്ചിംഗ് സ്റ്റേറ്റ്മെന്റിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇത് അന്വേഷിക്കാൻ പൊതുമരാമത്ത് വിഭാഗം വിജിലൻസ് വിഭാഗത്തെ മന്ത്രി ചുമതലപ്പെടുത്തി. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നേരത്തെ തന്നെ സ്പാർക്കുമായി ബന്ധപ്പെടുത്താൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ ചീഫ് ആർക്കിടെ ഓഫീസിൽ ഇത് നടപ്പാക്കാത്തതിനാൽ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കാൻ മന്ത്രി ആവശ്യപ്പെട്ടു.

ജീവനക്കാരിൽ ചിലർ പഞ്ച് ചെയ്ത് പിന്നീട് പുറത്തേക്ക് പോകുന്നു എന്ന് പരാതിയെ തുടർന്നാണ് പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാർ വരുന്നതിലും പോകുന്നതിലും കൃത്യതയില്ല. ഇ- ഓഫീസ് ഫയലിംഗ് കൃത്യമായി നടക്കുന്നില്ല. വകുപ്പിനെ കടലാസുരഹിതമാക്കുക മാത്രമല്ല അഴിമതിക്ക് സാധ്യതയുള്ള കാര്യങ്ങൾ ഇല്ലായ്മ ചെയ്യുകയും ലക്ഷ്യമാണ്. പഞ്ചിംഗ് സമ്പ്രദായം ഉൾപ്പെടെ പരിഷ്കരിച്ച് നടപ്പാക്കുന്നത് നേരത്തെ പല യോഗങ്ങളിലും പറഞ്ഞതാണ്. ഓഫീസിൽ കാര്യങ്ങളെല്ലാം ശരിയായി നടക്കുന്നുണ്ടെന്നാണ് ജീവനക്കാർ യോഗങ്ങളിൽ പറഞ്ഞതെങ്കിലും നേരിട്ട് പരിശോധിച്ചപ്പോൾ പലതും കുത്തഴിഞ്ഞ രീതിയിലാണെന്ന് കണ്ടെത്തി. ഇക്കാര്യത്തിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഔദ്യോഗിക കാര്യങ്ങൾക്ക് മറ്റു ജില്ലകളിലേക്ക് പോകുന്ന ജീവനക്കാർ സന്ദർശിച്ച സ്ഥലം, അവിടെ എന്ത് നടപടികളാണ് സ്വീകരിച്ചത്,രണ്ടും മൂന്നും ഘട്ട സന്ദർശനങ്ങൾ ആവശ്യമുണ്ടെങ്കിൽ എന്തിന് എന്നിവ രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പരിശോധനയിൽ കണ്ടെത്തിയ വീഴ്ചകളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് റിപ്പോർട്ട് ലഭ്യമാക്കണമെന്ന് പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി നിർദേശിച്ചു.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു ഐ എ എസ്, ചീഫ് എൻജിനീയർമാർ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Share This Post
Exit mobile version