Press Club Vartha

രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടണം- മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

തിരുവനന്തപുരം: സൂറത് കോടതി വിധിയെ മറയാക്കി കോണ്‍ഗ്രസ് ദേശീയ നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്നും ജനാധിപത്യത്തെ രക്ഷിക്കാന്‍ രാജ്യസ്‌നേഹികള്‍ ഐക്യപ്പെടണമെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം വളരെ ആസൂത്രിതമാണെന്ന് മനസിലാക്കാന്‍ വലിയ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല.

കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം രാഷ്ട്രപതിയാണ് ലോക്‌സഭാംഗത്തിന് അയോഗ്യത കല്‍പ്പിക്കേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കുമ്പോള്‍ ലോക്‌സഭാ സെക്രട്ടറിയേറ്റ് ഇത്തരത്തില്‍ വിജ്ഞാപനമിറക്കിയത് ആശ്ചര്യകരമാണ്. വിമര്‍ശനങ്ങളെയും എതിരഭിപ്രായങ്ങളെയും അധികാരത്തിന്റെ മുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തുക എന്നത് ഫാഷിസ്റ്റ് രീതിയാണ്. സര്‍ക്കാരിനെതിരേ പോസ്റ്റര്‍ പതിച്ചതിന്റെ പേരിലുള്ള നിയമനടപടികള്‍ രാജ്യതലസ്ഥാനത്ത് തുടരുകയാണ്. മറുവശത്ത് കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്ത് എതിര്‍ ശബ്ദങ്ങളെ മുഴുവന്‍ നിശബ്ദമാക്കുന്നു.

ബിജെപി ഇതര പാര്‍ട്ടികളും നേതാക്കളും കേന്ദ്ര ഏജന്‍സികളുടെ ഹിറ്റ് ലിസ്റ്റിലാണ്. രാജ്യത്ത് ഭരണഘടനയും ജനാധിപത്യവും ഗുരുതര പ്രതിസന്ധി നേരിടുന്നതിനിടെ മതേതര പാര്‍ട്ടികളുടെ മൗനവും യോജിപ്പില്ലായ്മയും ഫാഷിസത്തിന് ശക്തിയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുകയാണ്. രാജ്യം തുടര്‍ച്ചയായി ഭരിച്ചവരുടെ മൗനാനുവാദത്തോടുകൂടിയാണ് ഫാഷിസം വളര്‍ച്ച പ്രാപിച്ചതെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

രാജ്യത്തെ അപകടപ്പെടുത്തുന്ന ബിജെപി ഭരണകൂടത്തിനെതിരേ അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് യോജിക്കാനും രാജ്യരക്ഷയ്ക്കായി നിലപാടെടുക്കാനും മതനിരപേക്ഷ കക്ഷികള്‍ തയ്യാറാവണം. ജനാധിപത്യത്തിനു വേണ്ടിയുള്ള സത്യസന്ധമായ ഏതു പോരാട്ടത്തിനും പാര്‍ട്ടിയുടെ ധാര്‍മിക പിന്തുണ ഉണ്ടാവുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി വ്യക്തമാക്കി.

Share This Post
Exit mobile version