Press Club Vartha

പ്രതിഷേധം ശക്തം; പ്രേം നസീർ സ്ക്വയർ നിർമ്മാണം മാറ്റി വെച്ചു

തിരുവനന്തപുരം: നിത്യ ഹരിത നായകന്‍ പ്രേം നസീറിന്റെ പേരില്‍ സര്‍ക്കാര്‍ അനുവദിച്ച നന്തന്‍ക്കോട് റൗണ്ട് എമ്പോട്ടിലെ പ്രേം നസീര്‍ സ്‌ക്വയറിനെതിരെ നാട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്ത്. ഇതിനെ തുടര്‍ന്ന് മാര്‍ച്ച് 27 ന് നിശ്ചയിച്ചിരുന്ന സ്‌ക്വയര്‍ നിര്‍മ്മാണ പ്രവര്‍ത്തന ഉദ്ഘാടനം താല്‍ക്കാലികമായി മാറ്റി വെച്ചതായി പ്രേം നസീര്‍ സുഹൃത് സമിതി ഭാരവാഹികളായ തെക്കന്‍ സ്റ്റാര്‍ ബാദുഷയും പനച്ചമൂട് ഷാജഹാനും അറിയിച്ചു.

നാട്ടുകാര്‍ക്കിടയില്‍ തെറ്റിദ്ധാരണ പടര്‍ത്തുന്ന വിഷയങ്ങള്‍ വന്നത് ഖേദകരമാണെന്നും ഇതിനെതിരെ പോസ്റ്ററുകള്‍ ഇറക്കുകയും ഒപ്പുശേഖരണം നടത്തുന്നതും ഒരു കലാകാരനോട് ചെയ്യുന്ന ക്രൂരതയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. നഗരസഭ 2020 – ല്‍ അനുമതി നല്‍കിയതാണ് നന്തന്‍ ക്കോട് റൗണ്ട് എ മ്പോട്ട് പ്രേം നസീര്‍ സ്‌ക്വയര്‍ എന്ന് നാമകരണം ചെയ്യുവാന്‍ . അന്ന് എല്ലാ മാധ്യമങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പൊതുമരാമത്തു വകുപ്പിന്റെ പ്രത്യേക അനുവാദം ആവശ്യമായതിനാല്‍ അന്ന് മേയറായിരുന്ന കെ.ശ്രീകുമാര്‍ പ്രത്യേക താല്‍പര്യമെടുത്ത് അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ സ്‌ക്വയറിന് സര്‍ക്കാര്‍ അനുമതിയും നല്‍കി.

നീണ്ട നാളത്തെ പരിശോധനകളും ചര്‍ച്ചകളും പൂര്‍ത്തിയായശേഷമാണ് പൊതുമരാമത്ത് സിറ്റി റോഡ് സ് സബ് ഡി വിഷനുമായി സമിതി കരാര്‍ ഒപ്പു വെയ്ക്കുകയും നിര്‍മ്മാണം ആരംഭിക്കുവാനും തീരുമാനിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് നാട്ടുകാര്‍ എതിര്‍പ്പുമായി രംഗത്ത് വരുകയും ഒപ്പുശേഖരണം ആരംഭിക്കുകയും ചെയ്തത്. സ്ഥലം എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ എന്നിവര്‍ക്ക് ഇതിനെതിരെ പരാതിയും നല്‍കി.

സമിതി ഭാരവാഹികള്‍ എം.എല്‍.എ., വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം മാറ്റിവെയ്ക്കുന്നത്. ബന്ധപ്പെട്ട നാട്ടുകാരും രാഷ്ടീയകക്ഷി നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തി അനുകൂല തീരുമാനമെടുക്കുകയോ, അല്ലാത്ത പക്ഷം മറ്റൊരിടം അനുവദിക്കുന്നതിന് നടപടികള്‍ എടുക്കുകയോ വേണമെന്ന് ഭാരവാഹികള്‍ എം.എല്‍.എ. അഡ്വ.വി.കെ. പ്രശാന്തിനോട് ആവശ്യപ്പെട്ടു. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ഒരു വലിയ കലാകാരന്റെ പേരിലുള്ള സ്‌ക്വയറിനെ എതിര്‍ക്കപ്പെടുന്നതിനെതിരെ വിവിധ കോണുകളില്‍ നിന്നും പ്രതിഷേധവുമുണ്ടായി.

Share This Post
Exit mobile version