കൊച്ചി : പിണറായി സർക്കാരിന്റെ ദുർഭരണം കൊണ്ട് കേരളം കടക്കെണിയിലായെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ന് മുതൽ സർക്കാർ കേരളത്തിലെ ജനത്തിന് മുകളിൽ കെട്ടിവെച്ച 5000 കോടി രൂപയുടെ നികുതിഭാരം നടപ്പാക്കി തുടങ്ങുന്നു. അതിനാൽ ഇന്ന് യുഡിഎഫ് കരിദിനമായി ആചരിക്കുകയാണ്. മാത്രമല്ല സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യം വരുത്തിവെച്ചാണ് ആഘോഷവും പരസ്യവുമായി സർക്കാർ രംഗത്ത് ഇറങ്ങിയതെന്നും അദ്ദേഹം വിമർശിച്ചു.
നികുതിഭാരത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അനാസ്ഥയുമാണ്. ജനം വിലക്കയറ്റത്തിൽ പൊറുതി മുട്ടിയിരിക്കുകയാണെന്നും ജനജീവിതം കൂടുതൽ ദുസ്സഹമാകുമെന്നും നികുതി പിരിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു . മാത്രമല്ല ഇന്ന് മുതൽ സ്വാഭാവികവും കൃത്രിമവുമായ വിലക്കയറ്റം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ ജപ്തി നടപടികളുടെ പ്രവാഹമുണ്ടായി. ഈ ദിവസം തന്നെയാണ് സംസ്ഥാന സർക്കാർ വാർഷികാഘോഷ പരിപാടികൾ തുടങ്ങുന്നത്. കേരളത്തിലെ പ്രതിപക്ഷം സർക്കാരിന്റെ വാർഷികാഘോഷ പരിപാടികളുമായി സഹകരിക്കില്ല.