
തിരുവനന്തപുരം: 24 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് നടന്‍ ജോബി. കെഎസ്എഫ്ഇ അര്‍ബന്‍ റീജിയണല്‍ ഓഫീസില്‍ നിന്ന് സീനിയര്‍ മാനേജറായാണ് ജോബി വിരമിച്ചത്. ഇനി മുതല്‍ സിനിമയിലും നാടകത്തിലും കൂടുതല്‍ സജീവമാകാനാണ് തീരുമാനം.
അച്ചുവേട്ടന്റെ വീട് എന്ന ആദ്യ സിനിമയിലൂടെയായിരുന്നു ജോബിയുടെ കലാരംഗത്തേക്കുള്ള രംഗപ്രവേശം. അന്‍പതോളം സിനിമകളിലും നൂറോളം സീരിയലുകളിലും അഭിനയിച്ചെങ്കിലും സമയപരിമിതി മൂലം ചെറിയ വേഷങ്ങളായിരുന്നു ഏറെയും. അതില്‍ കൂടുതലും ഹാസ്യവേഷങ്ങളും. സിനിമയില്‍ നിന്ന് സ്ഥിരവരുമാനം ഇല്ലാതായതോടെയാണ് ജോബി 1999ല്‍ പിഎസ്സിയിലൂടെ ജൂനിയര്‍ അസിസ്റ്റന്റായി സര്‍വീസില്‍ കയറുന്നത്.
മിമിക്രിയും നാടകവും കളിച്ചു കിട്ടുന്ന പണംകൊണ്ടാണ് കുടുംബം നോക്കിയിരുന്നതെന്നും സര്‍ക്കാര്‍ ജോലി ലഭിച്ചതോടെയാണ് സ്ഥിര വരുമാനമായതെന്നും ജോബി പറഞ്ഞു. ഓദ്യോഗിക ജീവിതത്തിനിടയിലെ തിരക്കിനിടയിലും അഭിനയം തുടര്‍ന്നു. സംസ്ഥാന യുവജനോത്സവത്തില്‍ വിധികര്‍ത്താവായി എല്ലാവര്‍ഷവും എത്താറുണ്ട്. 2018ല്‍ മണ്ണാങ്കട്ടയും കരിയിലയും എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചു.
ഇപ്പോള്‍ വേലക്കാരി ജാനു എന്ന ചിത്രത്തില്‍ മുഖ്യവേഷം ചെയ്യുന്നുണ്ട് ജോബി. ഡിഫറന്റലി എബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ (ഡിഎഇഎ), ലിറ്റില്‍ പീപ്പിള്‍ ഓഫ് കേരള എന്നിവയുടെ പ്രസിഡന്റാണ്. സഹപ്രവര്‍ത്തകരെല്ലാം ചേര്‍ന്ന് ജോബിയ്ക്ക് ഊഷ്മളമായ യാത്രയയപ്പ് നല്‍കി.