Press Club Vartha

44 വർഷങ്ങൾക്കുശേഷം പഴയ പോലീസ് ട്രെയിനിങ് സ്കൂളിൽ ഒത്തുകൂടി 16 റിട്ടയേർഡ് സബ് ഇൻസ്പെക്ടർമാർ

തൃശ്ശൂർ: 44 വർഷങ്ങൾക്കുശേഷം വീണ്ടും ഒത്തുകൂടി 16 റിട്ടയേർഡ് സബ് ഇൻസ്പെക്ടർമാർ. 1979-ൽ, തൃശ്ശൂർ, രാമവർമ്മപുരത്തെ പോലീസ് ട്രെയിനിങ് സ്കൂളിൽ പരിശീലനം സിദ്ധിച്ച 16 പോലീസ് ഉദ്യോഗസ്ഥരാണ് 44 വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും കേരള പോലീസ് അക്കാദമി സന്ദർശിച്ചത്. മുൻപ് ഇത് പോലീസ് ട്രെയിനിങ് സ്കൂളായിരുന്നു.

കേരള പോലീസിന്റെ ചരിത്രത്തിൽ പോലീസ് കോൺസ്റ്റബിൾമാരെ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് മുഖാന്തിരം അവസാനമായി റിക്രൂട്ട് ചെയ്തത് 1979ലായിരുന്നു. ഈ ബാച്ചിലെ 16 പേരാണ് ഇവർ. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ആയിരുന്ന യു പി ആർ മേനോന്റെ കാലയളവിൽ എംപ്ലോയിമന്റ് എക്സ്ചേഞ്ച് മുഖാന്തിരം ഫിസിക്കൽ ടെസ്റ്റ് നടത്തി വിജയിച്ചവരെ നേരിട്ട് ഇൻറർവ്യൂ നടത്തിയാണ് 252 പോലീസ് ഉദ്യോഗസ്ഥന്മാരെ അന്ന് തിരുവനന്തപുരം ആർമിഡ് റിസർവിൽ നിയമിച്ചത്.

അവരാണ് കാലക്രമേണ , ലോക്കൽ സ്റ്റേഷനുകളിൽ പോലീസുകാരായും , ഹെഡ് കോസ്റ്റബിൾമാരായും, എഎസ്ഐ മാരായും,തുടർന്ന് തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട , എന്നീ ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടർമാരായും സേവനമനുഷ്ഠിച്ചിട്ടുള്ളത്. ഇവരെല്ലാപേരും തന്നെ 10 വർഷങ്ങൾക്ക് മുമ്പ് വിരമിച്ചിട്ടുള്ള വരുമാണ്.ഇവരിൽ ചുരുക്കം പേർ എ ആർ ക്യാമ്പിലെ ഇൻസ്പെക്ടർമാരായും വിരമിച്ചിട്ടുണ്ട്.

നിലവിലുള്ള 200 ഓളം പേരിൽ ഭൂരിഭാഗവും 65 വയസ്സിന് മുകളിൽ പ്രായമുള്ളവരാണ്. ഈ ബാച്ചിൽ പെട്ട 16 റിട്ടയേർഡ് സബ് ഇൻസ്പെക്ടർ മാരായ എൻ കുമാര ദാസ്, ഉദയ കുമാർ, ചന്ദ്രൻ, രവീന്ദ്രൻ പിള്ള, അൻസലം തോംസൺ, സുരേഷ് കുമാർ, ചന്ദ്ര ബാബു, വേണുഗോപാൽ കുറുപ്പ്, രാജ മണി, വി എസ് മോഹൻ, മധു കുമാരൻ, വേണുഗോപാലൻ നായർ, വിൻസെന്റ് ദാസ്, എ എൽ സുരേഷ് ബാബു, വിജയ രാജൻ, ദേവപാലൻ നായർ എന്നിവരാണ്,പഴയ ട്രെയിനിങ് സെന്റർ ആയിരുന്ന ഇപ്പോഴത്തെ കേരള പോലീസ് അക്കാഡമി സന്ദർശിക്കണമെന്നും, തങ്ങളുടെ അവിടത്തെ ഓർമ്മകൾ പുതുക്കി, അവിടുത്തെ മെസ്സിൽ നിന്നും ഉച്ചഭക്ഷണം കഴിക്കണമെന്നുമുള്ള ആഗ്രഹമുണ്ടായത്. ഇതേ തുടർന്ന് ,തൃശ്ശൂർ കേരള പോലീസ് അക്കാദമി ഡയറക്ടർക്ക് ഒരു റിക്വസിഷൻ കൊടുക്കുകയും തുടർന്ന് ഇന്ന് എല്ലാരും ഒത്തുചേരുകയും ചെയ്തു.

പഴയ പരിശീലന ക്യാമ്പിൽ എത്തിയ ഇവർ 9 മാസം പരേഡ് ചെയ്ത സ്ഥലവും പരിസരവും കണ്ട് ഓർമ്മകൾ പുതുക്കുകയും അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായ എം എ മനോജ് കുമാറിനോടൊപ്പം ഫോട്ടോയും എടുത്ത് മെസ്സിൽ നിന്ന് ആഹാരവും കഴിച്ച് പഴയ സ്മരണകൾ പുതുക്കിയത്.

Share This Post
Exit mobile version