തൃശൂര്‍: സംസ്ഥാനത്ത് വിദ്യാഭ്യാസ കച്ചവടം അനുവദിക്കില്ലെന്ന് പൊതുവിദ്യാഭാസ വകുപ്പ്മന്ത്രി വി ശിവന്‍കുട്ടി. എല്‍കെജി, യുകെജി പ്രവേശനത്തിനു പണം വാങ്ങുന്ന രീതി അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പുന്നയൂര്‍ക്കുളം കടിക്കാട് ഗവ.ഹയര്‍ സെക്കന്ററി വിദ്യാലയത്തിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവിദ്യാഭാസ വകുപ്പ് നടപ്പാക്കുന്ന ചട്ടങ്ങളും നിയമങ്ങളും എല്ലാ വിദ്യാലയങ്ങളും പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ ജ്ഞാന സമൂഹം സൃഷ്ടിക്കുന്നതിനാണ് ശ്രമിക്കുന്നത്. മികച്ച പഠന സൗകര്യമാണ് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുന്നത്. മാത്രമല്ല, സര്‍ക്കാര്‍ വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരധ്യാപകനെയും പ്രൈവറ്റ് ട്യൂഷന്‍ നടത്താന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മാത്രമല്ല വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ അധ്യയന ദിവസം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. 210 പ്രവര്‍ത്തി ദിനം ഉണ്ടാകണമെന്ന് തീരുമാനിച്ചത് കുട്ടികളുടെ വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിനാലാണ്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും ഇത് ഉപകാരപ്രദമാകും. ഓരോ അധ്യാപകനും കുട്ടിയുടെ രക്ഷാകര്‍ത്താവാകണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.