Press Club Vartha

പരിസ്ഥിതി വൈവിധ്യവുമായി ഭീമന്‍ ക്യാന്‍വാസ്; പരിസ്ഥിതി ദിനത്തില്‍ വേറിട്ട കാഴ്ചയുമായി ലുലു മാള്‍

തിരുവനന്തപുരം: ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട കാഴ്ച്ചയൊരുക്കി ലുലു മാൾ. ലുലു മാളിലെ 80 അടിയുടെ ഭീമന്‍ ക്യാന്‍വാസില്‍ വിരിഞ്ഞത് പരിസ്ഥിതി വൈവിധ്യങ്ങൾ. ആറ് മണിക്കൂര്‍ കൊണ്ട് ചിത്രകാരന്മാർ ഒരുക്കിയത് വർണ്ണ വിസ്മയം.

“ഹാര്‍മണി ഇന്‍ ഹ്യൂസ്” എന്ന പേരിലാണ് ഈ വർഷത്തെ പരിസ്ഥിതി ദിനം ലുലു മാൾ ആഘോഷിച്ചത്. പരിസ്ഥിതി ദിനത്തില്‍ പ്രകൃതി സംരക്ഷണ സന്ദേശത്തിനൊപ്പം പ്രകൃതി വൈവിധ്യങ്ങളെ യുവതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ലുലു മാളില്‍ ഭീമന്‍ ക്യാന്‍വാസ് ഒരുങ്ങിയത്. കേരള ചിത്രകലാപരിഷത്തില്‍ നിന്നടക്കം നാല്പതോളം കലാകാരന്മാരാണ് “ഹാര്‍മണി ഇന്‍ ഹ്യൂസ്” എന്ന പേരില്‍ സംഘടിപ്പിച്ച ചിത്രകല വേദിയില്‍ പങ്കെടുത്തത്.

മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ ഒരുക്കിയിരുന്ന 80 അടി ക്യാന്‍വാസിലേക്ക് ഒരേ സമയം അക്രിലിക് നിറങ്ങള്‍ പകര്‍ന്ന് നാല്പത് കലാകാരന്മാരും കൈകോര്‍ത്തു. ആറ് മണിക്കൂറിനുള്ളില്‍ ഭീമന്‍ ക്യാന്‍വാസില്‍ നിറഞ്ഞത് പശ്ചിമഘട്ടത്തിലെ അടക്കം ജൈവവൈവിധ്യങ്ങളുടെ ഭീമന്‍ ശേഖരം.

അപൂര്‍വ്വ ഇനം പക്ഷികള്‍, ഉരഗ വര്‍ഗ്ഗത്തില്‍പ്പെട്ട ജീവികള്‍, പ്രാണികള്‍, ഉഭയജീവികള്‍, സസ്തനികള്‍ ഉൾപ്പെടെ ക്യാൻവാസിൽ വൈവിധ്യങ്ങൾ നിറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ഒരു വലിയ ക്യാന്‍വാസില്‍ ഇത്രയധികം വൈവിധ്യങ്ങള്‍ പകര്‍ത്തുക ശ്രമകരമായ ദൗത്യമായിരുന്നുവെന്ന് ലുലു മാള്‍ സിഎസ്ആര്‍ ചീഫ് ആക്ടിവിറ്റി കോര്‍ഡിനേറ്റര്‍ സജിന്‍ കൊല്ലറ പറഞ്ഞു.

ചിത്രങ്ങളുടെ പ്രദര്‍ശനം കാണാനെത്തിയ തിരുവനന്തപുരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേഷ് ബാബു ഐ എസ്, ജൈവവൈവിധ്യങ്ങളുടെ നേര്‍ക്കാഴ്ച ഒരുക്കിയ കലാകാരന്മാരെയും ലുലു മാൾ അധികൃതരെയും അഭിനന്ദിച്ചു.

Share This Post
Exit mobile version