
കോട്ടയം: ഉന്നത നിലവാരത്തിലുള്ള റോഡുകളിലെ കുഴിയടയ്ക്കാനും മറ്റു പരിപാലനത്തിനുമായി പുതിയ ആശയവുമായി പൊതുമരാമത്ത് വകുപ്പ്. ഇനി ഇൻഫ്രാറെഡ് പാച്ച് വർക്ക് സംവിധാനം ഉപയോഗിച്ച് റോഡിൻറെ അറ്റ കുറ്റ പണികൾ ചെയ്യുമെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ. ഇതിന്‍റെ മെഷ്യനറിയുടെ സമർപ്പണവും പ്രവർത്തന ഉദ്ഘാടനവും നാളെ കോട്ടയത്ത് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും.
ഈ സംവിധാനം ഉപയോഗിച്ച് റോഡിലെ ഒരു സാധാരണ കുഴി 8 മിനിറ്റിനുള്ളിൽ അടയ്ക്കാൻ സാധിക്കും. മാത്രമല്ല ഗതാഗത തടസം ഉണ്ടാകുന്നില്ല എന്നതാണ് നേട്ടമെന്നും മന്ത്രി പറഞ്ഞു. ചുരുക്കം തൊഴിലാളികളെ മാത്രം വച്ച് പ്രവർത്തിപ്പിക്കാൻ സാധിക്കുന്ന യൂണിറ്റ്, ഒരു പിക്ക് അപ് വാഹനത്തിൽ കൊണ്ടു നടക്കാൻ സാധിക്കുമെന്നതും വലിയ നേട്ടമാണ്.
മാത്രമല്ല മഴക്കാലത്തും മഴയുടെ ഇടവേളകളിൽ ഈ മെഷീൻ ഉപയോഗിച്ച് റോഡ് മെയിന്‍റിനൻസ് നടത്താമെന്നത് ഇതിന്‍റെ സ്വീകാര്യത വർധിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. യൂറോപ്പിലാണ് ഈ മെഷീനുകൾ നിർമിച്ചത്. പുതിയ മെഷ്യനറികൾ ഇത് ഉപയാഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ അടയ്ക്കും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഈ ടെക്നോളജി ഉപയോഗിക്കപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു.