തിരുവനന്തപുരം: നട്ടാൽ കുരുക്കാത്ത അസത്യങ്ങൾ വിളിച്ചുപറഞ്ഞു പ്രതിപക്ഷം സ്വയം പരിഹാസ്യരാവുകയാണെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡൻ്റും തുറമുഖ വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. ഐഎൻഎൽ തിരുവനന്തപുരം ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് സമയത്ത് അവതരിപ്പിച്ച പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചാണ് എൽഡിഎഫ് സർക്കാർ മുന്നോട്ടുപോകുന്നത്. പശ്ചാതല വികസനത്തിനുള്ള ബ്രഹദ് പദ്ധതികൾ നടപ്പിലാക്കണമെങ്കിൽ ജനക്ഷേമ പദ്ധതികൾ മാറ്റിവെക്കേണ്ടതില്ലെന്ന് പ്രവർത്തിപദത്തിലൂടെ തെളിയിച്ചാണ് സർക്കാർ നീങ്ങുന്നത്. ബിജെപിയെയും, പ്രതിപക്ഷത്തെയും അസ്വസ്ഥമാക്കുന്നത് പിണറായി സർക്കാറിൻ്റെ ഈ വികസന കാഴ്ചപ്പാടുകളാണ്.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് പാറ്റയുടെ ആയുസ്സ്പോലുമില്ലാത്ത അപവാദ പ്രചാരണങ്ങളിലൂടെ നാൾക്കുനാൾ വിശ്വാസ്യത ചോർന്ന അപവാദ സംഘമായി കേരളത്തിലെ പ്രതിപക്ഷം തകർന്നു. ഐഎൻഎൽ ജില്ലാ പ്രസിഡൻ്റ് സൺറഹീം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറിയേറ്റ് അംഗം സിപി അൻവർ സാദത്ത്, സജീർ കല്ലമ്പലം,എസ്എം ബഷീർ, അഡ്വ. തംറൂക്, ബഷറുള്ള, ഷബീർ തൊളികുഴി, സലീം നെടുമങ്ങാട് എന്നിവർ പ്രസംഗിച്ചു.