Press Club Vartha

മഴക്കാല മുന്നൊരുക്കം: ജില്ലയിലെ തയ്യാറെടുപ്പുകള്‍ വിലയിരുത്തി മന്ത്രിമാര്‍

തിരുവനന്തപുരം: ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി. ആര്‍ അനില്‍, ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. മുന്നൊരുക്കവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടുന്ന സാഹചര്യം ഉണ്ടായാൽ അവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിലവിലുള്ള സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ കൂട്ടായി പരിശ്രമിക്കണമെന്ന് മന്ത്രിമാരായ ജി. ആര്‍ അനിലും ആന്റണി രാജുവും പറഞ്ഞു. യോഗത്തില്‍ അതത് വകുപ്പുകള്‍ നിലവിൽ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

തിരുവനന്തപുരം നഗരത്തിലെ തമ്പാനൂര്‍, പഴവങ്ങാടി തോടുകളിലെ ക്ലീനിംഗ് റെയില്‍വേയുടെ സഹകരണത്തോടെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കി വരികയാണ്. തിരുവനന്തപുരം നഗരത്തിലെ വെള്ളപ്പൊക്കം ഒഴിവാക്കുന്നതിന് വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവൃത്തികള്‍ മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പൊതുമരാമത്ത് നിരത്ത് വിഭാഗം, കെ.ആര്‍.എഫ്.ബി, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നീ വകുപ്പുകളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു. കരമനയാര്‍, കിള്ളിയാര്‍, പഴവങ്ങാടി തോട്, ഉള്ളൂര്‍ തോട്, തെക്കനക്കര കനാല്‍ എന്നിവയുടെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. കിള്ളിയാര്‍, കരമനയാറ്, പഴവങ്ങാടി തോട് എന്നിവയുടെ ഏറ്റവും ആവശ്യമായ സ്ഥലങ്ങളില്‍ പാര്‍ശ്വഭിത്തികള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തികളും പൂര്‍ത്തിയാക്കി. ജില്ലയില്‍ പൊതുമരാമത്ത് വിഭാഗത്തിന് കീഴിലുള്ള 2410 കീ.മീ റോഡിന്റെ ഡ്രയിനേജ് ക്ലീനിംഗ്, പോട്ട് ഹോള്‍ ഫില്ലിംഗ് എന്നീ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. മരങ്ങള്‍, ചില്ലകള്‍ തുടങ്ങിയവ മുറിച്ചു മാറ്റിയിട്ടുമുണ്ട്. അര്‍ബന്‍ ഡിംഗ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരപരിധിയിലെ അട്ടക്കുളങ്ങര തിരുവല്ലം റോഡ്, ബീമാപള്ളി – പൂന്തുറ റോഡ്, പൂന്തുറ – ചേരിയമുട്ടം റോഡ് എന്നിവിടങ്ങളില്‍ പ്രവൃത്തികള്‍ നടന്നു വരികയാണ്. തീരദ്ദേശ മേഖലകളില്‍ അടിയന്തര സാഹചര്യത്തില്‍ കടല്‍ക്ഷോഭം തടയുന്നതിന് വന്‍കിട ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജിയോ ട്യൂബുകള്‍ സ്ഥാപിക്കുന്ന നടപടികള്‍ നടന്നു വരികയാണ്.

തിരുവനന്തപുരം ജില്ലയിലെ എല്ലാ താലൂക്കുകളിലും ക്യാമ്പുകള്‍ നടത്തുന്നതിനാവശ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തി. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ തഹസില്‍ദാര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ആശുപത്രികളിലും ക്യാമ്പ് നടത്തുന്ന കെട്ടിടങ്ങളിലും വൈദ്യുതി തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ കെ എസ് ഇ ബി നടത്തിവരികയാണ്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയിലെ ആശുപത്രികള്‍ സജ്ജമാണെന്നും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തെ അറിയിച്ചു. മഴക്കാലത്ത് ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ കേരള വാട്ടര്‍ അതോറിറ്റി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ദുരന്ത സാഹചര്യങ്ങള്‍ ഉണ്ടായാൽ നേരിടാന്‍ വകുപ്പ് സജ്ജമാണെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. തൈക്കാട് പൊതുമാരമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ മന്ത്രിമാര്‍ക്കൊപ്പം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എഡിഎം അനില്‍ ജോസ് ജെ, സബ് കളക്ടര്‍ അശ്വതി ശ്രീനിവാസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ വി. ജയമോഹന്‍ വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version