പാലക്കാട്: വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആഗ്രഹിക്കുന്നവരാണ് നമ്മൾ മലയാളികൾ. പല അധികൃതരുടെയും കണ്ണുവെട്ടിച്ചും ഒളിച്ചുമൊക്കെയാണ് ഷൂട്ടിങ്ങുകൾ നടത്തുന്നത്. എന്നാൽ ഇനി അത് വേണ്ട. ട്രയിനുകളിലും റെയിൽവേ പ്ലാറ്റ്ഫോമിലും ഷൂട്ട് നടത്താനുള്ള അവസരമൊരുക്കുകയാണ് റെയിൽവേ. സേവ് ദ ഡേറ്റ് മുതൽ ഏത് ഷൂട്ടിനും റെയിൽവേ തന്നെ അവസരമൊരുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പാലക്കാട് റെയിൽവേ ഡിവിഷനാണ് ഇത്തരം ഒരു നീക്കവുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോട്ടോ ഷൂട്ടിന് നിശ്ചിത ഫീസ് ഈടാക്കിയാണ് അനുമതി നല്‍കുക.
റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് ഫോട്ടോ ഷൂട്ടിനുള്ള അപേക്ഷകള്‍ ഏഴ് ദിവസം മുന്‍പ് നല്‍കണം. റോളിംഗ് സ്റ്റോക്ക് കൊണ്ടുവരുന്നതിനും ഷന്‍റിംഗിനും അപേക്ഷ ലഭിച്ചിട്ടുള്ള ദിവസങ്ങളില്‍ ഫോട്ടോ ഷൂട്ട് അനുവദിക്കില്ല. എന്നാല്‍ റെയിൽവേ വർക്ക്ഷോപ്പ്, കോച്ചിംഗ് ഡിപ്പോ, കോച്ചിംഗ് യാർഡ്, ഗുഡ്സ് യാർഡ് എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫിക്ക് അനുമതിയില്ല. കൂടാതെ ട്രെയിനിന് മുകളില്‍ കയറി നിന്നോ ഫുട്ബോര്‍ഡിലോ കയറി നിന്നുള്ള ഫോട്ടോഷൂട്ടിനും അനുമതിയുണ്ടാവില്ല. സുരക്ഷാ മാനദണ്ഡങ്ങള്‍ ഫോട്ടോ ഷൂട്ടിനെത്തുന്നവര്‍ പാലിക്കണം.
ദിവസം 5000 രൂപയാണ് വിവാഹ സംബന്ധിയായ ഫോട്ടോ ഷൂട്ടുകള്‍ക്കും മറ്റ് പരസ്യ ഫോട്ടോ ഷൂട്ടുകള്‍ക്കും ഫീസ് ഈടാക്കുക. മാത്രമല്ല വിവിധ അക്കാദമിക ആവശ്യങ്ങള്‍ക്കായുള്ള ഫോട്ടോ ഷൂട്ടിന് 2500 രൂപയും വ്യക്തിഗത ഫോട്ടോ ഷൂട്ടിന് 3500 രൂപയുമാണ് ഈടാക്കുക. ഇതോടൊപ്പം ഇത്തരത്തിൽ ഓടുന്ന ട്രെയിനിലും സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനും ഫോട്ടോ ഷൂട്ടിനായി ലഭ്യമാകും. ട്രെയിന്‍ അടക്കമുള്ള സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് 1500 രൂപയാണ് ഫീസ്, ഇവിടെയും സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ ലക്ഷ്യം അക്കാദമിക് ആണെങ്കില്‍ ഫീസ് 750 രൂപയാണ്. വ്യക്തിഗത സ്റ്റില്‍ ഫോട്ടോഗ്രാഫിക്ക് 1000 രൂപയാണ് ഫീസ്. ഫോട്ടോഷൂട്ടിന് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടവും ഉണ്ടാവുമെന്നും റെയില്‍വേ വ്യക്തമാക്കുന്നു.