Press Club Vartha

സംസ്ഥാനാന്തര കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയായ ഒഡീഷ സ്വദേശി തിരുവല്ലയിൽ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസും പാർട്ടിയും കൂടി നടത്തിയ റെയ്ഡിൽ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തുനിന്നും ഒഡീഷാ സംസ്ഥാനത്ത് കോരപ്പൂട്ട് ജില്ലയിൽ അച്ചുകൊണ്ട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള 23 വയസ്സുള്ള പിത്തബസ് ജൂലിയ എന്നയാളെ 2.100 കിലോഗ്രാം കഞ്ചാവുമായി പിടികൂടി. ഇയാൾ മുമ്പ് പലതവണയും കഞ്ചാവുമായി കേരളത്തിൽ വന്നിട്ടുണ്ടെന്നും പണം മുൻകൂറായി അയച്ചാൽ മാത്രമേ കഞ്ചാവുമായി കേരളത്തിലേക്ക് വരുകയുള്ളൂ എന്നുമാണ് അന്വേഷണത്തിൽ അറിയാൻ സാധിച്ചത്. അന്യസംസ്ഥാനത്തുനിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യ കണ്ണിയാണ് തിരുവല്ല എക്സൈസിന്റെ പിടിയിൽ ആയിരിക്കുന്നത്. മൂന്നുമാസം നീണ്ടുനിന്ന അന്വേഷണത്തിനും പരിശ്രമത്തിനും ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. പ്രതിയെ ചോദ്യം ചെയ്തതിൽ തന്നോടൊപ്പം ഏഴോളം പേർ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് അറിയാൻ സാധിച്ചു.

തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസിനോടൊപ്പം എ ഇ ഐ ഗ്രേഡ് കെ.എം ഷിഹാബുദ്ദീൻ, പി. ഓ ബിജു. ബി, സിഇഒ മാരായ ഷാദിലി ബഷീർ, അരുൺ കൃഷ്ണൻ. ആർ, സുമോദ് കുമാർ, ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു. എക്സൈസ് ക്രൈംബ്രാഞ്ചിന്റെയും സൈബർ സെല്ലിന്റെയും സംയുക്ത ഓപ്പറേഷനിലൂടെ മറ്റു ജില്ലകളിലുള്ള ഇയാളുടെ കൂട്ടാളികളെ പിടിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും തുടരന്വേഷണം നടന്നുവരുന്നതായും പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണർ ശ്രീ വി . പ്രദീപ് അറിയിച്ചു.

Share This Post
Exit mobile version