തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്നുവെന്ന് റിപ്പോർട്ട്. ഇതുവരെ തൊള്ളായിരത്തിലധികം പേരാണ് ഡെങ്കിപ്പനി ബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. ഈ മാസം മാത്രം 3000 ത്തോളം പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷങ്ങളുണ്ടായത്.
ശരാശരി 25 ലധികം പേരാണ് ഓരോ ദിനവും ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജുകളിലെത്തുന്നത്. മാലിന്യക്കൂമ്പാരങ്ങളും വെള്ളക്കെട്ടുമാണ് പനിയും മറ്റു പകര്‍ച്ച വ്യാധികളും പെരുകാന്‍ കാരണം. എറണാകുളത്ത് വെസ്റ്റ് നൈല്‍ വൈറസും സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാത്രം രണ്ടാഴ്ചക്കിടെ പനബാധിതരായി ചികിത്സ തേടിയെത്തിയത് 8000 പേരാണ്. ഏട്ട് പേര്‍ പനിബാധിച്ചു മരിച്ചിരുന്നു.
സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേരിൽ ചിക്കൻപോക്സ്, 17 പേരിൽ മഞ്ഞപ്പിത്തം, 2 പേർക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു. കുട്ടികളിൽ ബാധിക്കുന്ന മുണ്ടിനീര് ഒരാൾക്ക് സ്ഥിരീകരിച്ചു.
അതേസമയം, സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി മുൻകരുതലുകൾ എടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.