തിരുവനന്തപുരം: ഐ.ക്യൂ അല്പം കുറവുള്ളവതൊരു കുറവല്ലെന്നും ആത്മവിശ്വാസം വളര്‍ത്തിയെടുത്താല്‍ വിജയശതമാനം വര്‍ദ്ധിക്കുമെന്നും മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും വി.എസ്.എസ്.സി മുന്‍ ഡയറക്ടറുമായ എം.സി ദത്തന്‍. പഞ്ചേന്ദ്രിയങ്ങളാണ് ലോകത്തിലെ മഹാത്ഭുതങ്ങള്‍. നമ്മള്‍ കാണുന്നതും അനുഭവിക്കുന്നതും എല്ലാം അവയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.പി അബാക്കസ് ഗണിതശാസ്ത്ര മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.സി ദത്തന്‍. കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍, സീനിയര്‍ ലെവലിലായി തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ 1200 കുട്ടികള്‍ പങ്കെടുത്തു. 11 മിനിറ്റിനുള്ളില്‍ 300 ഗണിതശാസ്ത്ര പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് കുട്ടിക്കുറുമ്പുകള്‍ കണക്കിനെ തോല്‍പ്പിച്ചത്. എസ്.ഐ.പി അബാക്കസ് പ്രോഗ്രാമിലൂടെ കുട്ടികള്‍ നേടിയെടുത്ത ഗണിതവൈദഗ്ധ്യം, ഏകാഗ്രത, ഓര്‍മശക്തി തുടങ്ങിയ കഴിവുകള്‍ പ്രകടമാക്കാനുള്ള വേദികൂടിയായി മത്സരം.
എസ്.ഐ.പി അക്കാദമി ഡയറക്ടര്‍ സിബി ശേഖര്‍, റീറ്റെന്‍ഷന്‍ വിഭാഗം മേധാവി ജയ്ശങ്കര്‍, പരിശീലന വിഭാഗം മേധാവി അനുരാധാ നാഗരാജന്‍, മാര്‍ക്കറ്റിംഗ് തലവന്‍ ആര്യാ ഭാസ്‌ക്കരന്‍, റീജിയണല്‍ മേധാവി ഇ.ജി പ്രവീണ്‍, കേരളാ മേധാവി കെ.ടി പ്രശാന്ത്, സൗത്ത് കേരള മേധാവി അനീഷ് ചന്ദ്രന്‍, മധ്യകേരളാ മേധാവി സെറിന്‍ സിറിയക്, നോര്‍ത്ത് കേരളാ മേധാവി രാഗേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.