Press Club Vartha

പകര്‍ച്ചപ്പനി: പ്രതിദിന രോഗബാധിതര്‍ പതിമൂവായിരം കടന്നു

തിരുവനന്തപുരം: കാലവർഷം ആരംഭിച്ചതോടെ സംസ്ഥാനത്ത് പനി പടരുന്നു. സംസ്ഥാനത്ത് പ്രതിദിനം പനി ബാധിക്കുന്നവരുടെ എണ്ണം 13,000ലേക്ക് കടന്നു. അതിൽ 110 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 43 എണ്ണവും എറണാകുളം ആണ്. 218 പേര്‍ക്കാണ് ഡെങ്കിപ്പനി ലക്ഷണം. 8 പേര്‍ക്ക് എലിപ്പനിയും 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു.

പത്തനംതിട്ട, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിൽ നിന്നുമാണ് കൂടുതൽ പനിക്കേസുകൾ റിപ്പോർട്ടു ചെയ്യുന്നത്. പനി ബാധിച്ച് ഇതുവരെ മരിച്ചവരില്‍ 50ന് താഴെ ഉള്ളവരും കുട്ടികളും ഉള്ളതാണ് ആശങ്ക കൂട്ടുന്നത്. മലപ്പുറത്ത് ഇന്നലെ മാത്രം 2171 പേര്‍ക്കാണ് പനി ബാധിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരിട്ടിയോളം ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലയിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ മാസം പനി ബാധിച്ച് ചികിത്സ തേടിയത് ഒന്നരലക്ഷത്തിലധികം പേരാണ്. ഇന്നലെ മാത്രം സാധാരണ പനി ബാധിച്ചവരുടെ എണ്ണം 12,984 ആണ്. ജില്ലകളിലെ പ്രധാനപ്പെട്ട ആശുപത്രികളിലെല്ലാം ഡെങ്കിപ്പനി വാര്‍ഡുകൾ ആരംഭിച്ചിട്ടുണ്ട്.

Share This Post
Exit mobile version