Press Club Vartha

അന്വേഷണമാണ് ഗവേഷണത്തെ നയിക്കുന്നത് ; കെ ജയകുമാർ

തിരുവനന്തപുരം : കാര്യവട്ടം ഗവേഷകോത്സവത്തിന്റെ പ്രാധാന്യം വരച്ചുകാട്ടി സ്കൂൾ ഓഫ് ഇന്ത്യൻ ലാംഗ്വേജസ്. “എഴുത്തും ഗവേഷണവും” എന്ന വിഷയത്തിൽ പ്രശസ്ത എഴുത്തുകാരനും മുൻ കേരള ചീഫ് സെക്രട്ടറിയും മലയാള സർവകലാശാല മുൻ വിസിയുമായ കെ ജയകുമാർ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തി.

അന്താരാഷ്ട്ര തലത്തിലെ സർവകലാശാല ഗവേഷണങ്ങളുടെ നിലവാരവുമായി നോക്കുമ്പോൾ നമുക്ക് ഒരുപാട് മുന്നോട്ട് പോകാനുണ്ട്. ഗവേഷണം ബുദ്ധിമുട്ടേറിയ ഒന്നാണ് എന്ന പൊതുബോധം സർവകലാശാലകൾ സൃഷ്ടിക്കുന്നുണ്ട്. ഗവേഷകരുടെ സ്വാതന്ത്ര്യം ഈ മേഖലയിൽ പലയിടത്തും ഹനിക്കപ്പെടുന്നു. ഇതാണ് ഗവേഷണത്തിന്റെ നിലവാരത്തകർച്ചയ്ക്ക് കാരണം. ഇത്തരത്തിൽ ഗവേഷണത്തെ നിയന്ത്രിക്കുന്ന നിബന്ധനകൾ നിലനിൽക്കുന്നുണ്ടോ എന്ന് സർവകലാശാലകൾ ആത്മപരിശോധന നടത്താനുള്ള അവസരമായി ഹൈറ്റ്സ് 2023- നെ കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്വേഷണമാണ് ഗവേഷണത്തെ മുന്നോട്ട് നയിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസമേഖലയിൽ നിരന്തര അന്വേഷണം നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി എസ് എസ് വൈസ് ചെയർമാൻ പ്രഫ. ഡോ. ആർ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. മുൻ ഹിന്ദി വിഭാഗം മേധാവിയും അധ്യാപികയുമായ ഡോ. എസ് തങ്കമണി അമ്മയുടെ ‘വിവർത്തനത്തിന്റെ രാജശില്പി പ്രൊഫ. പി മാധവൻ പിള്ള ‘ എന്ന പുസ്തക പ്രകാശനം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം സത്യൻ നിർവഹിച്ചു.

Share This Post
Exit mobile version