Press Club Vartha

അധികൃതർ ചെവിക്കൊണ്ടില്ല; വെള്ളക്കെട്ട് ഒഴിവാക്കാൻ മഴക്കുഴി ഒരുക്കി ഏഴു കുടുംബങ്ങൾ

കഴക്കൂട്ടം:റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ സ്വന്തം പുരയിടത്തിൽ മഴക്കുഴി ഒരുക്കി ഏഴു കുടുംബങ്ങൾ നാടിനു മാതൃകയായി. കുളത്തൂർ ആറ്റിൻകുഴി ദേവി നടക്കളം ക്ഷേത്രത്തിനു സമീപം മരാമത്ത് വകുപ്പിൻ്റെ കീഴിലുള്ള റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനാണ് ഏഴു വീട്ടുകാർ സ്വന്തമായി പണം മുടക്കി തങ്ങളുടെ പുരയിടത്തിൽ മഴക്കുഴികൾ ഒരുക്കുന്നത്.

ആറ്റുകുഴിയിൽ രവികുമാർ , അനിൽകുമാർ ,മഞ്ജു, ബാബു ,ചഞ്ചൽ ,ബലദേവൻ, സുരേഷ് എന്നിവരാണ്  മഴക്കുഴികൾ ഒരുക്കുന്നത്. സ്വന്തം പുരയിടത്തിലും വീട്ടിലേയ്ക്കു കയറുന്ന വഴികളിലുമായി 100 സിമൻ്റ് ഉറകൾ ആണ് സ്ഥാപിക്കുന്നത്.  മഴക്കാലത്ത് റോഡിൽ കെട്ടി നിൽക്കുന്ന വെള്ളം  മഴക്കുഴികളിലേയ്ക്ക് തിരിച്ചു വിടും. അതോടെ ഈ ഭാഗത്തെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ആകും.

ആറ്റിൻകുഴി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട വേണമെന്ന് നാട്ടുകാർ പല തവണ മരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഫലം ഉണ്ടായില്ല. തങ്ങളുടെ അധികാര പരിധിയിൽ അല്ലെന്ന് പറഞ്ഞ് നഗരസഭയും കൈമലത്തി. ഈ സാഹചര്യത്തിലാണ് സ്വന്തം പുരയിടത്തിൽ മഴക്കുഴി ഒരുക്കി വെളളക്കെട്ട് ഒഴിവാക്കാൻ ഏഴു കുടുംബങ്ങൾ തീരുമാനിച്ചത്. ഈ മാതൃക മറ്റുള്ള വീട്ടുകാരും പിൻതുടർന്നാൽ ഇട റോഡിൽ പല സ്ഥലങ്ങളിലേയും വെള്ളക്കെട്ട് ഒഴിവാക്കാം.

Share This Post
Exit mobile version