Press Club Vartha

വഴയില-പഴകുറ്റി നാലുവരിപാത പ്രാരംഭ നടപടികളിലേക്ക്, ആദ്യഘട്ടമായി 117 കോടി രൂപ നാളെ (ജൂൺ 26) കൈമാറും

തിരുവനന്തപുരം: വഴയില-പഴകുറ്റി-നെടുമങ്ങാട്-കച്ചേരിനട നാലുവരി പാതയായി വികസിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമാകുന്നു. 11.23 കിലോമീറ്റർ നീളമുള്ള പാതയുടെ സ്ഥലമേറ്റെടുക്കലുൾപ്പെടെ ആദ്യഘട്ട പ്രവർത്തനങ്ങൾക്കുള്ള 117 കോടി രൂപ എൽ.എ കോസ്റ്റ് അർത്ഥനാധികാരിയായ കെ.ആർ.എഫ്.ബി റവന്യൂ വകുപ്പിന് തിങ്കളാഴ്ച കൈമാറും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നെടുമങ്ങാട് എം.എൽ.എയും ഭക്ഷ്യപൊതുവിതരണവകുപ്പ് മന്ത്രിയുമായ ജി.ആർ അനിലിന്റെ സാന്നിധ്യത്തിലാണ് തുക കൈമാറുന്നത്.

സ്ഥലമേറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കുന്നതിനായി മൂന്ന് റീച്ചുകളിലായാണ് പദ്ധതി നടപ്പാക്കുന്നത്. നാലു വരിപാതയ്ക്കായി 338.53 കോടി രൂപയാണ് കിഫ്ബി അനുവദിച്ചത്. റീച്ച്-1 വഴയില മുതൽ കെൽട്രോൺ ജംഗ്ഷൻ വരെ 3.94 കിലോമീറ്ററാണ്. റീച്ച്-2 കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് വരെയും റീച്ച്-3 വാളിക്കോട് മുതൽ പഴകുറ്റി-കച്ചേരി ജംഗ്ഷൻ പതിനൊന്നാം കല്ല് വരെയുമാണ്. റീച്ച് -2, 2.56 കിലോമീറ്ററും റീച്ച്-3, 4.73 കിലോമീറ്ററുമാണ്. 12.04 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 359 പേരാണ് റീച്ച്-1ലെ പദ്ധതി ബാധിതർ. പദ്ധതി ബാധിതർക്കുള്ള നഷ്ടപരിഹാരമുൾപ്പെടെയുള്ള തുകയാണ് കൈമാറുന്നത്.

15 മീറ്റർ ക്യാരേജ് വേ, 2 മീറ്റർ മീഡിയൻ, രണ്ട് വശങ്ങളിലായി 2 മീറ്ററിൽ ഡ്രെയിൻ കം ഫുട്പാത്ത് ഉൾപ്പെടെ 21 മീറ്റർ വീതിയിലാണ് റോഡ് വികസനം. 2016-17ൽ നാലുവരിപാതയാക്കുന്നതിന് അനുമതി ലഭിക്കുകയും 2020ൽ കിഫ്ബിയിൽ നിന്ന് സാമ്പത്തികാനുമതി ലഭിക്കുകയും ചെയ്തു.

റീച്ച് 2ന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി 173 കോടി രൂപയാണ് കിഫ്ബിയിൽ നിന്നും അനുവദിക്കുന്നത്. റീച്ച് 1ൽ ഉൾപ്പെടുന്ന കരകുളം പാലത്തിന്റെയും ഫ്ളൈ ഓവറിന്റെയും ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.

Share This Post
Exit mobile version