കണ്ണൂർ : കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് വ്യക്തമാക്കി കെ സുധാകരൻ രംഗത്ത്. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ സുധാകരൻ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറി നിൽക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഹൈക്കമാൻഡ് നേതാക്കളുടെ നിർദ്ദേശം മാനിച്ച് തീരുമാനം മാറ്റുകയാണെന്നും പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും സുധാകരൻ പറഞ്ഞു.
മാറിനിൽക്കാൻ സന്നദ്ധത അറിയിച്ചത് കേസിൽ പ്രതിയായതുകൊണ്ടാണ്. എന്നാൽ ഹൈക്കമാന്റ് നേതാക്കൾ ഒഴിയരുതെന്ന് ആവശ്യപ്പെട്ടുവെന്നും അതോടെ ആ ചാപ്റ്റർ അവസാനിച്ചുവെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പൂർണ്ണമായും കേസ് അന്വേഷണവുമായി സഹകരിച്ചു. ചോദ്യം ചെയ്തതിനു ശേഷം പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും സുധാകരൻ പറഞ്ഞു.