Press Club Vartha

സുധാകരനെതിരേ വിജിലൻസ് അന്വേഷണം; 15 വർഷത്തെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കും

ഡൽഹി: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുമെന്ന് വിജിലൻസ് അറിയിച്ചു. പ്രാഥമിക അന്വേഷണം കോഴിക്കോട് യൂണിറ്റാണ് ആരംഭിച്ചത്. കോൺഗ്രസ് ഹൈക്കമാൻഡുമായുള്ള ചർച്ചയ്ക്കായി ഡൽഹിയിലെത്തിയ സുധാകരൻ തന്നെയാണ് വിജിലൻസ് അന്വേഷണത്തെക്കുറിച്ച് വെളുപ്പെടുത്തിയത്. കള്ളപ്പണമുണ്ടെങ്കിൽ വിജിലൻസ് കണ്ടെത്തട്ടെയെന്നും, ഏതു വിധത്തിലുള്ള പരിശോധനയ്ക്ക് തയാറാണെന്നും അദ്ദേഹം പ്രതികരിച്ചു.

കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി ബന്ധപ്പെട്ട് 2021 ൽ ലഭിച്ച പരാതി അനുസരിച്ചാണ് അന്വേഷണം. കെ സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാത്തിലാണ് അന്വേഷണം. ചിറയ്ക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ പണപ്പിരിവ് നടത്തിയിട്ടും ഏറ്റെടുത്തില്ലെന്നാണ് പരാതി.

മാത്രമല്ല സുധാകരന്‍റെ ഭാര്യ സ്മിതയുടെ അക്കൗണ്ട് വിവരങ്ങൾ വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂർ കാടാച്ചിറ ഹൈസ്കൂൾ അധ്യാപികയാണ് സ്മിത. സ്മിതയുടെ 2001 മുതലുള്ള ശമ്പളത്തിന്‍റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരങ്ങളാണ് വിജിലൻസ് അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിന് നോട്ടീസ് അയച്ചു. കണ്ണൂർ‌ കാടാച്ചിറ ഹൈസ്കൂൾ പ്രധാന അധ്യാപകനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വിവരങ്ങൾ അടിയന്തരമായി കൈമാറണമെന്ന് നോട്ടീസിൽ പറയുന്നുണ്ട്.

 

Share This Post
Exit mobile version