Press Club Vartha

സമത്വത്തിന്റെ വിളംബരം അറിയിച്ച് അറഫയും പെരുന്നാളും

കെ. ഏ. ഹാരിസ് മൗലവി റഷാദി M D
(ഇമാം ചെറുപിലാക്കൽ മുസ്ലിം ജമാഅത്ത്, മൈനാഗപ്പള്ളി)

സൃഷ്ടാവിന്റെ വിളിക്ക് ഉത്തരം ചെയ്തുകൊണ്ട് ഭൂഖണ്ഡങ്ങളും രാജ്യത്തിന്റെ അതിർത്തികളും കടന്ന് പുണ്യഭൂമിയിലെത്തിയ ജനലക്ഷങ്ങൾ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനു ശേഷം മുസ്തലിഫയിൽ രാത്രി താമസവും പൂർത്തിയാക്കി വീണ്ടും തമ്പുകളുടെ നഗരിയായ മിനാ താഴ്‌വരയിൽ എത്തിച്ചേർന്ന് ഹജ്ജിന്റെ അവസാന കർമ്മങ്ങൾ പൂർത്തിയാക്കുന്നതിന് പ്രാർത്ഥന നിർഭരമായ മനസ്സുമായി ഹാജിമാർ കഴിഞ്ഞുകൂടുന്ന ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് നിലകൊള്ളുന്നത്. കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി ഒരിക്കൽപോലും മാറ്റിവെയ്ക്കാതെയും മുടങ്ങാതെയും നടക്കുന്ന അറഫാ സംഗമത്തിന് ദേശത്തിനും ഭാഷയ്ക്കും വർണ്ണത്തിനും വർഗ്ഗത്തിനും കുടുംബമഹിമയ്ക്കും യാതൊരു പരിഗണനയുമില്ല.

ലോകത്തെ നൂറ്റിഅറുപത് രാജ്യങ്ങളിൽ നിന്ന് എത്തിചേർന്ന ഹാജിമാർ ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വത്തിന്റെ പൂർണ്ണതയാണ് വിശുദ്ധ ഹജ്ജ് കർമ്മത്തിലൂടെ ലോകത്തിന്റെ മുമ്പിൽ കാട്ടിത്തരുന്നത്. എല്ലാവരും ദൈവദാസന്മാർ മാത്രം. ആർക്കും മറ്റൊരാളെക്കാൾ പ്രത്യേക മഹത്വമില്ല. “നിങ്ങളെല്ലാവരും ആദമിൽനിന്ന് ആദമോ മണ്ണിൽ നിന്ന് ” എന്ന പ്രവാചക വചനത്തിന്റെ നേർക്കാഴ്ചയാണ് ഹജ്ജ്.

വംശത്തിന്റെയും വർഗ്ഗത്തിന്റെയും വർണ്ണത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും പേരിൽ എന്നും കാത്തുസൂക്ഷിക്കേണ്ട ഏറ്റവും പവിത്രമായ മനുഷ്യബന്ധങ്ങൾ കണ്ണിയറ്റ് തകർന്ന് തീരുമ്പോൾ കലാപങ്ങളും കൂട്ടക്കുരുതികളും ഭീകരതയും മാനവ ഐക്യത്തിനും മാനവമൈത്രിക്കും വിള്ളലുകൾ തീർത്തു കൊണ്ടിരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ വർത്തമാനകാല സാഹചര്യത്തിൽ മഹത്തായ അറഫാ സംഗമത്തിൽ നമുക്ക് ഗുണപാഠമുണ്ട്.

വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു കൊണ്ടെത്തിച്ചേർന്ന രാഷ്ട്രത്തലവന്മാർ, നയതന്ത്രപ്രതിനിധികൾ, ബുദ്ധിജീവികൾ, പൊതുപ്രവർത്തകർ, പണ്ഡിതന്മാർ, കച്ചവടക്കാർ, സാമ്പത്തികശേഷിയുള്ളവർ,സൈനിക മേധാവികൾ, തൊഴിലാളികൾ, പ്രതിഭാശാലികൾ, എഴുത്തുകാർ, സാധാരണക്കാർ തുടങ്ങി സമൂഹത്തിന്റെ നാനാഭാഗങ്ങളിലുള്ളവർ ആ സമ്മേളനത്തിൽ കണ്ണികളായി തീർന്നു. അവരുടെ ഇടയിൽ ഉച്ചനീചത്വവും വേർതിരിവും അയിത്തവുമില്ല. എല്ലാവരും സമന്മാർ. ആർക്കും പ്രത്യേക സ്ഥാനവും സ്ഥാനക്കുറവുമില്ല.

ഭൂഗോളത്തിന്റെ വിവിധ കോണുകളിൽ വ്യത്യസ്ത ഭാഷകൾ സംസാരിച്ചിരുന്നവർ “ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്‌” രക്ഷിതാവേ നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം ചെയ്തിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ഭാഷയിലും അവർ ഒന്നായി മാറി. വ്യത്യസ്ത വിലനിലവാരമുള്ള ഉയർന്നതും കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിച്ചിരുന്ന അവർ തുന്നപ്പെടാത്ത രണ്ട് വെള്ള വസ്ത്രങ്ങൾ മാത്രം ധരിച്ച് വേഷത്തിലും ഒന്നായി തീർന്നു. “ഓ മനുഷ്യരെ തീർച്ചയായും നിങ്ങളെ നാം ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു.

നിങ്ങൾ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ് നിങ്ങളെ നാം പല വിഭാഗക്കാരും ഗോത്രങ്ങളുമാക്കുകയും ചെയ്തിട്ടുള്ളത്. തീർച്ചയായും അല്ലാഹുവിന്റെയടുക്കൽ നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവരത്രെ” എന്ന ഖുർആനിന്റെ സമത്വ സിദ്ധാന്തവും മാനവ ഐക്യവും ഹാജിമാർ ലോകത്തിനു മുമ്പിൽ ഉയർത്തിക്കാട്ടി. പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് പ്രവാചക തിരുമേനി അറഫയിൽ കൂടിയ അനുചരന്മാരോട് പ്രഖ്യാപിച്ചു. അന്യായമായി ഒരാൾ മറ്റൊരാളുടെ രക്തത്തിനും, അഭിമാനത്തിനും, സമ്പത്തിനും നേരെയുള്ള കടന്നുകയറ്റം നിഷിദ്ധമാണ്. വർത്തമാനകാല സാഹചര്യത്തിൽ ഉക്രൈനിലും ഫലസ്തീനിലും നമ്മുടെ മാതൃരാജ്യത്തും അകാരണമായി മനുഷ്യരക്തം ചീന്തപ്പെടുന്നു.

സ്ത്രീത്വത്തിന്റെ പരിശുദ്ധിക്ക് കളങ്കം വരുന്ന നിലയിലുള്ള പീഡനങ്ങളും, ബലാൽക്കാരങ്ങളും വർദ്ധിച്ചുവരുന്നു. സാമ്പത്തിക രംഗത്ത് വലിയ കയ്യേറ്റങ്ങൾ ഇന്ന് വ്യാപകമാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അകലം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ വർത്തമാനകാലഘട്ടത്തിൽ ഹജ്ജും അറഫയും നമ്മുടെ ജീവിത വിശുദ്ധിക്ക് ആധാരമായ വലിയ സന്ദേശമാണ് നൽകുന്നത്.

Share This Post
Exit mobile version