Press Club Vartha

ഓപ്പറേഷൻ തിയറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതി വേണം; അപേക്ഷയുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ

തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിനുള്ളിൽ ശിരോവസ്ത്രവും കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് വിദ്യാര്‍ഥികൾ. മെഡിക്കൽ കോളേജ് വിദ്യാര്‍ഥികളുടെ ഈ കത്ത് ചര്‍ച്ചയാകുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത് 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് . മാത്രമല്ല കത്തിൽ 2018, 2021, 2022 ബാച്ചിലെ ആറ് വിദ്യാർഥിനികളുടെ ഒപ്പുകളുണ്ട്. ഇത്തരത്തിൽ ഒരു ആവശ്യം വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട് എന്നും ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്ന് വിദ്യാർഥികളെ അറിയിച്ചതായും മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ. മോറിസ് പറഞ്ഞു.

വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് ജൂണ്‍ 26നാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം

Share This Post
Exit mobile version