തിരുവനന്തപുരം: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണ പുതുക്കി സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ പള്ളികളിൽ പെരുന്നാൾ നമസ്‌കാര ചടങ്ങുകൾ നടക്കുകയാണ്. മഴ മുന്നറിയിപ്പുള്ളതിനാൽ പല ജില്ലകളിലും ഈദ് ഗാഹുകൾക്ക് നിയന്ത്രണമുണ്ട്.
ഇബ്‌റാഹീം നബിയുടെയും മകൻ ഇസ്മാഈൽ നബിയുടെയും ആത്മാർപ്പണത്തിന്റെ ജീവചരിത്രമാണ് ഈദുൽ അസ്ഹ ഓർമപ്പെടുത്തുന്നത്. ത്യാഗം, സഹനം, സാഹോദര്യം എന്നീ മൂല്യങ്ങളാണ് ബലിപെരുന്നാളിന്റെ കാതൽ.
തക്ബീർ ധ്വനികൾ കൊണ്ട് പകലന്തിയോളം ഭക്തിസാന്ദ്രമാവുന്ന അന്തരീക്ഷവും അത്തറിന്റെ പരിമളവുമായി പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞ് പള്ളികളിലും ഈദ്ഗാഹുകളിലുമുള്ള ഒത്തുചേരലുകളും പെരുന്നാളിന്റെ പ്രത്യേകതയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ വിശ്വാസി സമൂഹത്തിന് പെരുന്നാൾ ആശംസകൾ നേർന്നു. ത്യാഗത്തിൻ്റേയും സ്നേഹത്തിൻ്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു.