Press Club Vartha

വടക്കൻ ജില്ലകളിൽ കനത്ത മഴ തുടരുന്നു

കോഴിക്കോട്:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മറ്റു പ്രദേശങ്ങക്കെ അപേക്ഷിച്ച് വടക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

കോഴിക്കോട് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. ജില്ലയിൽ തീവ്ര മഴയുള്ളതിനാലും നാളെയും ഓറഞ്ച് അലേർട്ട് നിലനിൽക്കുന്നതിനാലുമാണ് അവധി. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണെന്നും അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ അറിയിച്ചു.

അതോടൊപ്പം മ‍ഴ ശക്തമായതിനെത്തുടർന്ന് കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. അംഗനവാടികൾ, മദ്രസ്സകൾ, ഐസി എസ് ഇ/ സിബിഎസ് ഇ സ്കൂളുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. സർവകലാശാല പരീക്ഷകൾക്കും പിഎസ് സി പരീക്ഷകൾക്കും മാറ്റമുണ്ടായിരിക്കില്ല.

രണ്ടാം ദിവസവും തുടരുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. അപ്പർ കുട്ടനാട് അടക്കമുള്ളിടങ്ങളിൽ നൂറു കണക്കിന് വീടുകളിൽ വെള്ളം കയറി. കടലാക്രമണം രൂക്ഷമായതോടെ തീരമേഖലയിൽ ജനജീവിതം ദുസ്സഹമായി.

Share This Post
Exit mobile version