
തിരുവനന്തപുരം : ഡിഫറന്റ് ആര്‍ട്ട് സെന്ററും ന്യൂയോര്‍ക്കിലെ അഡെല്‍ഫി സര്‍വകലാശാലയും ചേര്‍ന്ന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെയും കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ, ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസത്തെക്കുറിച്ചുള്ള മൂന്ന് ദിവസത്തെ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. 20 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍, പ്രൊഫസര്‍മാര്‍, പരിശീലകര്‍, മാതാപിതാക്കള്‍ തുടങ്ങിയവരടക്കം അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുത്തു.
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ആഗോള സമ്മേളനം സംഘടിപ്പിച്ചത്. ഓരോ തവണ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തി കുട്ടികളെ കാണുമ്പോഴും തന്റെ ഹൃദയം നിറയുകയാണെന്ന് സമാപന ചടങ്ങില്‍ അധ്യക്ഷനായ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാവരെയും കഴിവും പ്രാപ്തിയും ഉള്ളവരാക്കാനാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ശ്രമിക്കുന്നത്.
താമസിയാതെ ഈ സ്ഥാപനം ലോകനിലവാരത്തിലേക്ക് ഉയരും. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന ഗോപിനാഥ് മുതുകാടിനെ കാണുമ്പോള്‍ കുട്ടികളെല്ലാം സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കും. അതൊന്നും പെട്ടെന്ന് നേടിയെടുക്കാനാകാത്ത മാജിക്കാണെന്ന് സ്ഥാപനത്തിന്റെ രക്ഷാധികാരികൂടിയായ അടൂര്‍ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ വരും വര്‍ഷങ്ങളില്‍ ഇതിലും മനോഹരമായി അന്താരാഷ്ട്ര സമ്മേളനം ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്താന്‍ ഡിഫറന്റ് ആര്‍ട് സെ്ന്ററിന് കഴിയണമെന്ന് കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. രാജ്യത്തിന് മാത്രമല്ല ലോകത്തിന് തന്നെ മാതൃകയാണ് ഈ സ്ഥാപനം. കേരളം അതില്‍ അഭിമാനിക്കുന്നു എന്നും സമ്മേളനത്തിന്റെ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ അദ്ദേം പറഞ്ഞു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ വിജയികളായ സ്മൃതി രാജേഷ്, ജപ്പാനിലെ സോഫിയ യൂണിവേഴ്‌സിറ്റിയിലെ സഹറ, ഡിഫറന്റ് ആര്‍ട് സെന്ററിലെ സൈന്‍ഷിയ ടീം എന്നിവര്‍ക്ക് കടകംപള്ളി സമ്മാനം വിതരണം ചെയ്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം ആശംസിച്ചു. അഡെല്‍ഫി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഡോ. സ്റ്റീഫന്‍ മാര്‍ക്ക് ഷോര്‍ ഡോ. പവന്‍ ആന്റണി എന്നിവരും പങ്കെടുത്തു. ഡിഫറന്റ് ആര്‍ട് സെന്റര്‍ കോര്‍പ്പറേറ്റ് റിലേഷന്‍ഷിപ് മാനേജര്‍ മിന്നു നന്ദി പറഞ്ഞു.