Press Club Vartha

കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയ്ക്ക് നാളെ തുടക്കം

തിരുവനന്തപുരം: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവും കുടുംബശ്രീയും സംയുക്തമായി ‘പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനകളും-സംയോജനത്തിന്‍റെ സാര്‍വത്രീകരണം’ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ ശില്‍പശാലയ്ക്ക് നാളെ തുടക്കം. കോവളം ഉദയ സമുദ്രയില്‍നാളെയും മറ്റന്നാളുമായാണ് പരിപാടി.

‘പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യ മാതൃകകള്‍ പരിചയപ്പെടുത്തുന്നതിനും കേന്ദ്ര ഗ്രാമവികസന, പഞ്ചായത്ത് രാജ് മന്ത്രാലയങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ് ശില്‍പശാലയുടെ മുഖ്യ ലക്ഷ്യം. പൗര കേന്ദ്രീകൃത ഭരണം, ദരിദ്ര ജനവിഭാഗത്തിന് മെച്ചപ്പെട്ട സേവന വിതരണം, അവകാശ ലഭ്യത, ഉപജീവന മാതൃകകള്‍ ലഭ്യമാക്കല്‍ എന്നിവയ്ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്ന ഗ്രാമീണ ദാരിദ്ര്യ ലഘൂകരണ പദ്ധതി ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായി സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയാണ് ലക്ഷ്യം. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിനും ഇതു വഴി കൈവരിക്കുന്ന നേട്ടങ്ങള്‍ എന്തായിരിക്കണമെന്നും ഇരു മന്ത്രാലയങ്ങളുടെയും പ്രതിനിധികള്‍ സംയുക്തമായി അവതരിപ്പിക്കും.

ഇതര സംസ്ഥാനങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീയെ 2013 മുതല്‍ നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷനായി അംഗീകരിച്ചിട്ടുണ്ട്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജനവും ദരിദ്ര വനിതകള്‍ക്ക് വരുമാന ലഭ്യതയ്ക്ക് സൂക്ഷ്മ സംരംഭരൂപീകരണവുമാണ് കഴിഞ്ഞ പത്തു വര്‍ഷമായി എന്‍.ആര്‍.ഒ വഴി ഇതര സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്ന മുഖ്യ പ്രവര്‍ത്തനങ്ങള്‍.

നിലവില്‍ 15 സംസ്ഥാനങ്ങളില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളും സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനവും തമ്മിലുള്ള സംയോജന മാതൃക നടപ്പാക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ പദ്ധതിക്ക് മുന്നോടിയായി നടപ്പാക്കിയ ഇത്തരം സംയോജന മാതൃകകള്‍ സാമ്പത്തിക സാമൂഹിക ശാക്തീകരണം കൈവരിക്കാന്‍ ദരിദ്ര വനിതകളെ പ്രാപ്തരാക്കിയെന്നാണ് കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് മുന്‍വര്‍ഷങ്ങളില്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ചെയ്ത പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത ബ്ളോക്കുകളില്‍ വിവിധ ഘട്ടങ്ങളായി നടപ്പാക്കുകയാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ ലക്ഷ്യം. ഇതിന് 15 സംസ്ഥാനങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കുന്ന ഏജന്‍സി കുടുംബശ്രീ എന്‍ആര്‍ഒ ആയിരിക്കും.

എന്‍.ആര്‍.എല്‍.എം പദ്ധതി നടപ്പാക്കുന്ന സംസ്ഥാനങ്ങളിലെയും പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പാക്കിയ സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. എന്‍ആര്‍ഒ മുഖേന നടപ്പാക്കിയ വികസന പദ്ധതികളുടെ സംയോജന മാതൃകകളും അവയുടെ ആസൂത്രണ നിര്‍വഹണ രീതികളും ലഭിച്ച അനുഭവങ്ങളും വെല്ലുവിളികളും വിജയങ്ങളും പരസ്പരം പങ്കിടാനും മനസ്സിലാക്കുന്നതിനും ശില്‍പശാലയില്‍ അവസരമൊരുങ്ങും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന പാനല്‍ ചര്‍ച്ചകളിലൂടെ സംയോജന മാതൃക സാര്‍വത്രികമാക്കുന്നതിനുള്ള ഏകീകൃത സമീപനവും രൂപപ്പെടുത്തും.

പദ്ധതി വ്യാപനത്തിന്‍റെ മുന്നോടിയായി ഹിമാചല്‍ പ്രദേശ്, പുതുച്ചേരി, നാഗാലാന്‍ഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി ധാരണാപത്രം ഒപ്പു വയ്ക്കല്‍, പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ സംയോജന പദ്ധതികളുടെ അനുഭവങ്ങള്‍ ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ പുസ്തകത്തിന്‍റെ പ്രകാശനം എന്നിവയും ശില്‍പശാലയോടനുബന്ധിച്ച് നടത്തും. കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പാക്കുന്ന മികച്ച മാതൃകകള്‍ കണ്ടറിയുന്നതിനായി ഉന്നതതല സംഘം ഫീല്‍ഡ് സന്ദര്‍ശനവും നടത്തും.

13ന് രാവിലെ 9.30 മണിക്കാണ് പരിപാടികള്‍ ആരംഭിക്കുക. നാഷണല്‍ റിസോഴ്സ് ഓര്‍ഗനൈസേഷന്‍ ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസര്‍ സജിത് സുകുമാരന്‍ സ്വാഗതം പറയും. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം സെക്രട്ടറി ശൈലേഷ് കുമാര്‍ സിങ്ങ് മുഖ്യ പ്രഭാഷണം നടത്തും. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി സുനില്‍കമാര്‍, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി സ്മൃതി ശരണ്‍, പഞ്ചായത്ത് രാജ് മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി വികാസ് ആനന്ദ്, മുന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവര്‍ ശില്‍പശാലയില്‍ സംസാരിക്കും. സംസ്ഥാന ഗ്രാമീണ ഉപജീവന മിഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്‍റ്, പഞ്ചായത്ത് രാജ് വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ശില്‍പശാലയില്‍ പങ്കെടുക്കും.

Share This Post
Exit mobile version