Press Club Vartha

ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ആടിപ്പാടി ഗായകന്‍ അഫ്‌സല്‍

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം ആടിപ്പാടി ഗായകന്‍ അഫ്‌സല്‍ കാണികളുടെ മനം കവര്‍ന്നു. ഇന്നലെ രാവിലെ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തിയ അഫ്‌സലിനെ തിങ്കളേ പൂത്തിങ്കളേ എന്ന ഗാനം പാടിയാണ് ഭിന്നശേഷിക്കുട്ടികള്‍ വരവേറ്റത്. തുടര്‍ന്ന് വേദിയില്‍ കയറി കുട്ടികള്‍ക്കൊപ്പം പാടിയതോടെ സദസ്സ് ഒന്നടങ്കം പാട്ടിനൊത്ത് ചുവടുവച്ചു.

സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ദില്‍സേ..അഫ്‌സല്‍ എന്ന പരിപാടിയിലാണ് അഫ്‌സല്‍ പിന്നണി പാടിയ പാട്ടുകളെല്ലാം ഭിന്നശേഷിക്കുട്ടികള്‍ ഒന്നൊന്നായി പാടിയത്. താന്‍ പാടിയ പാട്ടുകളൊക്കെ വരികള്‍ തെറ്റാതെ ഭിന്നശേഷിക്കുട്ടികള്‍ പാടുന്നത് അത്ഭുതത്തോടെയാണ് അഫ്‌സല്‍ കേട്ടിരുന്നത്. എനിക്കു പലപാട്ടുകളുടെയും വരികള്‍ കൃത്യമായി ഓര്‍മയില്ല.

മാത്രവുമല്ല മറന്നുതുടങ്ങിയ പല പാട്ടുകളും ഈ കുട്ടികള്‍ പാടിയപ്പോഴാണ് ഓര്‍മയിലേയ്ക്ക് തിരിച്ചുവന്നതെന്നും ഇവര്‍ അനുഗ്രഹീത പ്രതിഭകളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികള്‍ക്കായി അവര്‍ ആവശ്യപ്പെട്ട പാട്ടുകള്‍ പാടിയാണ് അഫ്‌സല്‍ തിരിച്ച് സ്‌നേഹം പ്രകടിപ്പിച്ചത്. തുടര്‍ന്ന് സെന്ററിലെ എല്ലാ വിഭാഗങ്ങളും കണ്ടശേഷമാണ് അദ്ദേഹം മടങ്ങിയത്. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാനേജര്‍ സുനില്‍രാജ്, മാജിക് പ്ലാനറ്റ് മാനേജര്‍ ബിജുരാജ് സുരേന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share This Post
Exit mobile version