Press Club Vartha

ഉമ്മൻചാണ്ടിയുടെ സംസ്കാരം; ഔദ്യോ​ഗിക ബഹുമതി വേണ്ടെന്ന് കുടുംബം

കോട്ടയം: ഉമ്മൻചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല. ഔദ്യോഗിക ബഹുമതി വേണ്ടെന്ന ആഗ്രഹം ഉമ്മന്‍ ചാണ്ടി പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഇക്കാര്യം ഭാര്യ പൊതുഭരണ വകുപ്പിനെ രേഖാമൂലം അറിയിക്കുകയും ചെയ്തു. മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനാണ് ഉമ്മൻചാണ്ടി ആഗ്രഹിച്ചിരുന്നതെന്ന് ഭാര്യ അറിയിക്കുകയായിരുന്നു. ഉമ്മൻചാണ്ടിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതി നൽകണമെന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ എടുത്തത്.

ഇക്കാര്യത്തിൽ കുടുംബത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളതിനാൽ ഒരിക്കൽ കൂടി സമ്മതം ആരായാൻ ചീഫ് സെക്രട്ടറിയെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ച് കുടുംബാഗങ്ങളുമായി സംസാരിച്ച ശേഷമാണ് ഔദ്യോഗിക ബഹുമതി വേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.

മരണത്തിലും സാധാരണക്കാരനാകാന്‍ ആഗ്രഹിച്ചയാളാണ് അപ്പ. അതുകൊണ്ടാണ് സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ട എന്ന് പറഞ്ഞതെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജനങ്ങള്‍ നല്‍കുന്ന യാത്രാമൊഴിയാണ് അപ്പയ്ക്കു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമെന്ന് മകള്‍ അച്ചു ഉമ്മനും പ്രതികരിച്ചു.

Share This Post
Exit mobile version