Press Club Vartha

ഉമ്മൻചാണ്ടിക്കെതിരെയായ പരാമർശം; നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു അധിക്ഷേപം. എറണാകുളം നോർത്ത് പൊലീസാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരാതിയിൽ വിനായകനെതിരെ കേസെടുത്തത്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കൊണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ – വിനായകൻ ലൈവിൽ ചോദിച്ചു. വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചിരുന്നു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വന്‍ തോതില്‍ ഷെയര്‍ ചെയ്യപ്പെടുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു.

കൊച്ചി എസിപിക്ക് പരാതി നൽകിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സോണി പനന്താനമാണ്. വിനായകനെതിരെ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നൽകിയത്. വിനായകൻ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റന്‍റ് പൊലീസ് കമ്മീഷണര്‍ക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്‍റെ ലഹരി – മാഫിയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

Share This Post
Exit mobile version