Press Club Vartha

ചുമയും ശ്വാസതടസവും; ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ നിന്ന് പുറത്തെടുത്തത് വൻപയർ

തിരുവനന്തപുരം: ഒരു വയസുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന വൻപയർ നീക്കം ചെയ്തു. കിംസ്ഹെൽത്തിലെ ഇന്റർവെൻഷണൽ പൾമണോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അജയ് രവിയുടെ നേതൃത്വത്തിൽ നടത്തിയ അടിയന്തര ബ്രോങ്കോസ്കോപ്പിക് പ്രൊസീജിയറിലൂടെയാണ് വലത് ശ്വാസകോശത്തിൽ നിന്ന് വസ്തു പുറത്തെടുത്തത്.

വീട്ടിൽ കളിച്ചുകൊണ്ടിരിക്കെ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കടുത്ത ശ്വാസതടസം നേരിട്ടതിനാൽ ഒക്സിജൻ നൽകുകയും തുടർന്ന് എക്സ്-റേ പരിശോധനയിൽ വലത് ശ്വാസകോശത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചുരുങ്ങിയതായും കണ്ടെത്തുകയും ചെയ്തു. പിന്നീട് നടത്തിയ സിടി സ്കാനിലാണ് വലത് ശ്വാസനാളിക്കുള്ളിൽ സംശയാസ്പദമായി ഒരു വസ്തു കുടുങ്ങി കിടക്കുന്നതായും ഇത് വിൻഡ് പൈപ്പിൽ തടസ്സം സൃഷ്ടിച്ച് വായു ലീക്ക് ചെയ്യുന്നതും ശ്രദ്ധയിൽപ്പെടുന്നത്.

അടിയന്തരമായി തന്നെ അനസ്തേഷ്യയുടെ സഹായത്തോടെ റിജിഡ് ബ്രോങ്കോസ്കോപ്പി പ്രൊസീജിയറിലൂടെ വലത് ശ്വാസകോശത്തിൽ കുടുങ്ങി കിടക്കുന്ന വൻപയർ കണ്ടെത്തി നീക്കം ചെയ്യുകയായിരുന്നു. ഇതുവഴി വലത് ശ്വാസകോശത്തിലേക്കുള്ള വായുസഞ്ചാരം പുനഃസ്ഥാപിക്കാനും കുട്ടിയുടെ ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും സാധിച്ചു. വസ്തു കുടുങ്ങി കിടന്നതുമായി ബന്ധപ്പെട്ട് രൂപപ്പെട്ടിരുന്ന ന്യൂമോണിയ, ആന്റിബയോട്ടിക്കുകളുടെ സഹായത്തോടെ പൂർണ്ണമായും ഭേദമായി കുട്ടി ആശുപത്രി വിട്ടു.

പീഡിയാട്രിക് ക്രിറ്റിക്കൽ കെയർ ആൻഡ് എമർജൻസി വിഭാഗം കൺസൾട്ടന്റ് ഡോ. പ്രമീള ജോജി, അനസ്‌തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജേക്കബ് ജോൺ തിയോഫിലസ്, പീഡിയാട്രിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അശോക് കുമാർ ജി.എം, എന്നിവർ പ്രക്രിയയുടെ ഭാഗമായി. ശ്വാസകോശത്തിൽ ഇത്തരത്തിൽ ഭക്ഷണപദാർത്ഥങ്ങൾ എത്തുന്നതിന്റെ അപകടത്തെക്കുറിച്ച് ഡോ. അജയ് രവി വ്യക്തമാക്കി. ശ്വാസതടസ്സം ഉണ്ടാകുമ്പോൾ ഉടനടി വൈദ്യസഹായം തേടാതിരുന്നാൽ ശ്വാസകോശത്തിൽ ന്യൂമോണിയ, ന്യൂമോത്തോറാക്‌സ് പോലുള്ള സങ്കീർണ്ണതകളിലേക്ക് നയിക്കുകയും കൃത്യമായ ചികിത്സ തേടാതിരുന്നാൽ മരണത്തിന് വരെ കാരണമാകാനും സാധ്യതയുണ്ട്, എന്നദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post
Exit mobile version